കൈകൂപ്പി അഭിവാദ്യം, പിന്നീട് സരസ സംഭാഷണം; രാഹുൽ ഗാന്ധിയുടെയും മോദിയുടെയും അപൂർവ വീഡിയോ!

ന്യൂഡൽഹി: പാർലമെന്‍റിനകത്തും പുറത്തും പരസ്പരം ഏറ്റുമുട്ടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ഒരത്യപൂർവ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവരും കൈകൂപ്പി പരസ്പരം അഭിവാദ്യം ചെയ്യുന്നതും പിന്നീട് സരസ സംഭാഷണം നടത്തുന്നതുമാണ് വീഡിയോ. ഇന്ന് പാർലമെന്റിൽ നടന്ന മഹാത്മാ ജ്യോതിബ ഫൂലെയുടെ 200-ാം ജന്മവാർഷിക വേളയിലാണ് എതിർചേരികളിൽ പോരടിക്കുന്ന നേതാക്കളുടെ അത്യപൂർവ വിഡിയോ ലഭിച്ചത്.

പാർലമെന്‍റിന് പുറത്ത് നിൽക്കുന്ന രാഹുൽ ഗാന്ധിക്കും മറ്റുനേതാക്കൾക്കുമടുത്തേക്ക് വരുന്ന മോദി അവരെ അഭിവാദ്യം ചെയ്യുന്നതും പിന്നീട് രാഹുൽഗാന്ധിയോടെ അനൗപചാരിക സംഭാഷണം നടത്തുന്നതിന്‍റെയും വീഡിയോആണ് സമൂഹമാധ്യമങ്ങളിൽ കോളിളക്കമുണ്ടാക്കുന്നത്. ജ്യോതിബ ഫൂലെയുടെ അനുസ്മരണ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇരു നേതാക്കളുടെയും അപൂർവ വീഡിയോ കാമറയിൽ പതിഞ്ഞത്. മഹാത്മാ ജ്യോതിബ ഫൂലെയുടെ 200-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പുഷ്പാർച്ചന നടത്താൻ പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും പാർലമെന്റ് വളപ്പിനുള്ളിലെ പ്രേരണ സ്ഥലിൽ എത്തിയിരുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും ചടങ്ങിന് എത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞ് സ്പീക്കർ ഓം ബിർള അടക്കമുള്ളവർക്കൊപ്പം നിൽക്കുന്ന രാഹുൽ ഗാന്ധിയെ മോദി കൈകൂപ്പി അഭിവാദ്യം ചെയ്തു. രാഹുലിന് തെട്ടടുത്ത് നിൽക്കുന്ന രണ്ടു പേരെകൂടി അഭിവാദ്യചെയ്ത് മടങ്ങുമ്പോൾ കാറിലേക്ക് കയറുന്നതിന് മുമ്പാണ് രാഹുൽഗാന്ധിയോട് മോദി സരസമായി സംസിരിക്കുന്നത്. സംഭാഷണം ഒരു മിനിറ്റോളം നീണ്ടു. സംഭാഷണത്തിന് മോദി തന്നെയാണ് തുടക്കം കുറിച്ചത്. സമീപത്തുള്ള മറ്റു നേതാക്കൾ ഇരുവരുടെ സംഭാഷണം ശ്രദ്ധിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് മോദി കാറിൽ കയറി മടങ്ങി.

ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരുനേതാക്കളും തമ്മിലുള്ള അനൗപചാരിക സംഭാഷണത്തിന്‍റെ വീഡിയോക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിച്ചു. സാമൂഹിക പരിഷ്കർത്താവും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത ജ്യോതിബ ഫൂലെയുടെ അനുസ്മരണ ചടങ്ങിൽ മുതിർന്ന നേതാക്കളും വിശിഷ്ട വ്യക്തികളും ഒത്തുചേർന്നു.

Tags:    
News Summary - Narendra Modi and Rahul Gandhi share rare conversation in Parliament, video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.