ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയ യാത്രക്ക് തുടക്കം’

കശ്മീർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

ഇൻസ്റ്റഗ്രാമിൽ നിധി റസ്ദാനക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉമർ, ‘ഇന്നലെ ഒരു പുതിയ യാത്രക്ക് തുടക്കമായി’ എന്ന് കുറിച്ചു. പോസ്റ്റിൽ നിധിയെയും ടാഗ് ചെയ്തിട്ടുണ്ട്. അകന്നു കഴിയുന്ന ഭാര്യ പായൽ അബ്ദുല്ലയിൽനിന്ന് വിവാഹമോചനം നേടാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ജൂലൈ 31ന് ഇരുവരും പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കാനും തർക്കങ്ങളെല്ലാം പരിഹരിക്കാനും ധാരണയിലെത്തിയതായി കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കോടതി വിവാഹ മോചനം അനുവദിച്ചത്. പരസ്പരം നൽകിയ കേസുകൾ പിൻവലിക്കാനും ഇരുവരും സമ്മതിച്ചിരുന്നു.

വിവാഹമോചന ഹർജി തള്ളിയ ഡൽഹി ഹൈകോടതി വിധിക്കെതിരെ ഉമർ അബ്ദുല്ല സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് പരമോന്നത കോടതിയിലെത്തിയത്. വിചാരണക്കിടെ ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരം പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേർപെടുത്താൻ ഇരുവരും സംയുക്ത അപേക്ഷ സമർപ്പിച്ചു. തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ധാരണയിലെത്തിയതായി ദമ്പതികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിക്കുകയായിരുന്നു.

ഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഉമർ അബ്ദുല്ലയും പായലും പരിചയപ്പെട്ടത്. 1994ലായിരുന്നു വിവാഹം. സഹീർ, സമീർ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. 2009 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2011ൽ വേർപിരിഞ്ഞ വിവരം ഉമർ അബ്ദുല്ല ഔദ്യോഗികമായി അറിയിച്ചിരുന്നു.

രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് മാധ്യമപ്രവർത്തകയും ടെലിവിഷൻ വാർത്താ അവതാരകയുമാണ് നിധി റസ്ദാൻ. എൻ.ഡി.ടി.വിയിലൂടെയാണ് ദേശീയ ശ്രദ്ധ നേടുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 49കാരിയായ നിധി റസ്ദാന്റെ രണ്ടാം വിവാഹമാണിത്.

ശ്രീനഗറിലും ന്യൂഡൽഹിയിലുമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇരുകുടുംബങ്ങളിലെയും അംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു. ഉമറിന്‍റെ മാതാപിതാക്കളായ ഫാറൂഖ് അബ്ദുല്ലയും മോളിയും മൂന്ന് സഹോദരിമാരും മറ്റ് ബന്ധുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിധി റസ്ദാന്റെ മാതാപിതാക്കളും മുതിർന്ന മാധ്യമപ്രവർത്തകനുമായ എം.കെ. റസ്ദാനും സരള റസ്ദാനും ആഘോഷങ്ങളിൽ പങ്കെടുത്തു.

Tags:    
News Summary - J&K Chief Minister Omar Abdullah marries journalist Nidhi Razdan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.