പുതിയ വ്യോമസേനാ മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ (ഐ.എ.എഫ്) പുതിയ മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ശനിയാഴ്ച ചുമതലയേറ്റു. 43 വർഷത്തെ സുദീർഘ സേവനത്തിന് ശേഷം വിരമിച്ച എയർ ചീഫ് മാർഷൽ എ.പി സിങിന് പകരമാണ് ദീക്ഷിത് ചുമതലയേറ്റത്.
ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ച ദീക്ഷിത് തന്ത്രപരമായ ആസൂത്രണത്തിലെ മികവിനും ശ്രദ്ധേയനാണ്. പുതിയ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് ആയിരുന്നു.
വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് ആകുന്നതിന് മുമ്പ് ഹെഡ്ക്വാർട്ടേഴ്സ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിൽ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാന്റെ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (സി.ഐ.എസ്.സി) ആയി ദീക്ഷിത് പ്രവർത്തിച്ചിരുന്നു.
ഏകദേശം നാല് പതിറ്റാണ്ട് നീണ്ട സൈനിക ജീവിതമാണ് ദീക്ഷിതിന്റേത്. ഫൈറ്റർ പൈലറ്റും പരീക്ഷണ പൈലറ്റുമായ അദ്ദേഹം മിറാഷ്-2000, ജാഗ്വാർ, വിവിധ മിഗ് വിമാനങ്ങൾ, തേജസ്, ഹോക്ക്, കിരൺ, എ.എൻ-32, ഐ.എൽ-78 തുടങ്ങി വിവിധ വിമാനങ്ങളിലായി 3,500 മണിക്കൂറിലേറെ പറക്കൽ പരിചയം നേടിയിട്ടുണ്ട്. ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, കോപ് ഇന്ത്യ , ഓപ്പറേഷൻ സിന്ദൂർ തുടങ്ങി നിരവധി പ്രധാന സൈനിക നടപടികളിലും അഭ്യാസങ്ങളിലും അദ്ദേഹം പങ്കാളിയായി.
നാഷണൽ ഡിഫൻസ് അക്കാദമി, ബംഗ്ലാദേശിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, നാഷണൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിൽ പഠിച്ച ദീക്ഷിത് യോഗ്യത നേടിയ ഫ്ലൈയിങ് ഇൻസ്ട്രക്ടർ കൂടിയാണ്. കരിയറിന്റെ ആദ്യഘട്ടത്തിൽ എയർ ഫോഴ്സ് ടെസ്റ്റ് പൈലറ്റ്സ് സ്കൂളിൽ പരിശീലകനായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഒരു ഫൈറ്റർ സ്ക്വാഡ്രന്റെ കമാൻഡറായി.
കരിയറിൽ നിരവധി സുപ്രധാന ഓപ്പറേഷണൽ, സ്റ്റാഫ് ചുമതലകളും അദ്ദേഹം വഹിച്ചു. പടിഞ്ഞാറൻ മേഖലയിൽ ഫ്രണ്ട്‌ലൈൻ ഫൈറ്റർ ബേസിനും തെക്കൻ മേഖലയിൽ ഫൈറ്റർ ട്രെയിനിങ് ബേസിനും അദ്ദേഹം നേതൃത്വം നൽകി. സതേൺ എയർ കമാൻഡിൽ എയർ ഡിഫൻസ് കമാൻഡറായും എയർ ഹെഡ്ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പ്രോജക്ട്സ്), അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പ്ലാൻസ്), ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് തുടങ്ങിയ മുതിർന്ന പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.