ഹൈദരാബാദ്: തെലങ്കാനയിലെ നാൽസർ യൂണിവേഴ്സിറ്റി ഓഫ് ലോയിലെ വിദ്യാർത്ഥികളെ എൻറോൾ ചെയ്യിക്കരുതെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ബി.സി.ഐ) സർക്കുലറുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾക്കും ഫാക്കൽറ്റിക്കുമെതിരായ ബി.സി.ഐ ചെയർമാൻ മണൻ കുമാർ മിശ്രയുടെ അപകീർത്തികരമായ പരാമർശത്തെ അപലപിച്ച നാൽസർ സ്റ്റുഡന്റ് ബാർ കൗൺസിൽ മിശ്ര മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ 2026 ലെ ബിരുദദാനചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ നാൽസറിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 450-ലേറെ വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതിനുപിന്നാലെ സർവകലാശാലയിലെ 2026 ബാച്ചിലെ വിദ്യാർത്ഥികളിൽ ഒരാളെ പോലും എൻറോൾ ചെയ്യാൻ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാനങ്ങളിലെ ബാർ കൗൺസിലുകൾക്ക് നോട്ടീസ് നൽകി. വ്യാപക വിമർശനത്തിടയാക്കിയതോടെ ബി.സി.ഐ തീരുമാനം മാറ്റുകയും വിദ്യാർത്ഥികൾക്കുള്ള വിലക്ക് പിൻവലിക്കുകയും ചെയ്തിരുന്നു.
ജൂലൈ 20-ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയിലെ സുപ്രീം കോടതിയുടെ ഇടപെടലാണ് വിദ്യാർത്ഥികളുടെ എതിർപ്പിന് കാരണമായത്. ജൂലൈ 23-ലെ വാദത്തിനിടെ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് തയാറായില്ലെന്നും ‘വീഡിയോകളിൽ ഞങ്ങൾക്ക് താൽപര്യമില്ല, അത് കാണാൻ സമയമില്ല’ എന്ന തരത്തിൽ പ്രതികരിച്ചെന്നുമായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. പ്രതിഷേധത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റെന്ന പരാതിയും വിദ്യാർത്ഥികൾ നിവേദനത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസ് യുവാക്കളെ ‘പാറ്റകൾ’ എന്നു വിശേഷിപ്പിച്ചെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ബി.സി.ഐ സർവകലാശാലയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനത്തിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തും രംഗത്ത് എത്തിയിരുന്നു. അനാവശ്യ നടപടിയാണ് ബാർ കൗൺസിലിന്റേതെന്നും ഇത് വിദ്യാർത്ഥികളും താനുമായുള്ള വിഷയമാണെന്നും സൂര്യകാന്ത് വ്യക്തമാക്കി. ഇത് വിവാദമായതോടെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് സുപ്രീം കോടതി വിശദീകരണം തേടി. ഒരു തരത്തിലുമുള്ള ശിക്ഷാനടപടികളും വിദ്യാർത്ഥികൾക്കെതിരെയോ ഫാക്കൽറ്റിക്കെതിരെയോ സ്വീകരിക്കാൻ പാടില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെ ബാർ കൗൺസിൽ സർക്കുലർ പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.