'ഓം കാളി, ജയ് കാളി...'; വിജയ്‌യുടെ മുദ്രാവാക്യത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് ഡി.എം.കെക്കെതിരെ ഉപയോഗിച്ച രാഷ്ട്രീയ മുദ്രാവാക്യത്തിന് അതേ നാണയത്തിൽ മറുപടി നൽകാൻ ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. വിജയ് തന്റെ രാഷ്ട്രീയ റാലികളിൽ ഉപയോഗിച്ച 'ഓം ശക്തി, പരാശക്തി... ഡി.എം.കെ ഒരു തീയശക്തി' എന്ന വരികൾക്ക് എതിരെ 'ഓം കാളി, ജയ് കാളി... ടി.വി.കെ ഒരു ഒടുഗാളി' എന്ന പുതിയ പ്രതിരോധ മുദ്രാവാക്യം പ്രചരിപ്പിക്കാൻ ഉദയനിധി പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി.
ഡി.എം.കെ ഒരു തിന്മയുടെ ശക്തിയാണ് എന്ന് വിജയ് തന്റെ റാലികളിൽ പ്രചരിപ്പിച്ചപ്പോൾ, അതിന് മറുപടിയായി ടി.വി.കെ ഒളിച്ചോടിയ പ്രസ്ഥാനമാണ് എന്ന അർത്ഥം വരുന്ന പ്രതിരോധ മുദ്രാവാക്യമാണ് ഉദയനിധി കൊണ്ട് വന്നത്. കഴിഞ്ഞ സെപ്റ്റംബർ 27ന് ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഉദയനിധി ഇക്കാര്യം വ്യക്തമാക്കിയത്. ‘കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം എവിടെപ്പോയാലും ഞങ്ങളെ ലക്ഷ്യമിട്ട് 'ഓം ശക്തി, പരാശക്തി' എന്ന് ആവർത്തിക്കുന്നുണ്ടായിരുന്നു. അന്ന് ഞങ്ങൾ അധികാരത്തിലായിരുന്നതിനാൽ അത് ക്ഷമയോടെ കേട്ടിരുന്നു. എന്നാൽ ഇപ്പോൾ നമുക്ക് അതിനുള്ള ചുട്ടമറുപടി നൽകാൻ അവസരം ലഭിച്ചിരിക്കുകയാണ്’ - ഉദയനിധി പറഞ്ഞു.
ടി.വി.കെ അധ്യക്ഷന്റെ പേര് പോലും പരാമർശിക്കേണ്ടതില്ലെന്നും റാലികളിലും പൊതുസ്ഥലങ്ങളിലും ഈ പുതിയ മുദ്രാവാക്യം ജനങ്ങളുടെ ഇടയിൽ എത്തിക്കണമെന്നും അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു. ‘അവരുടെ പാർട്ടിയുടെ പേരിനൊപ്പം 'ഓം കാളി, ജയ് കാളി' എന്ന് മാത്രം പറയുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുകൾ തോറും കയറിയിറങ്ങുന്ന പ്രചാരണ വേളകളിലും ഈ മുദ്രാവാക്യം ജനങ്ങളുടെ മനസ്സിൽ ഉറപ്പിച്ചു നിർത്തണം’ - ഉദയനിധി കൂട്ടിച്ചേർത്തു.
40-ലധികം ആളുകളുടെ ജീവനെടുത്ത കരൂർ ദുരന്തവുമായി ബന്ധപ്പെട്ട വിഷയവും ഉദയനിധി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എതിരാളികൾ തയാറാകാതെ ഒളിച്ചോടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ഇത്തരം ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും, വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പ്രവർത്തകർ ശക്തമായ പ്രതിരോധ പ്രചാരണങ്ങളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.