മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി
പ്രധാനമന്ത്രി രാജി വെക്കണം; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പുറത്താക്കണം; സി.ഡബ്ല്യു.സി യോഗത്തിൽ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് ഉടനടി നീക്കം ചെയ്യണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ തലവനെ സമ്മർദ്ദത്തിലാക്കി ഭരണകക്ഷിക്കായി ചട്ടങ്ങൾ വളച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ ചേർന്ന നിർണായക കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാർഗെ.
വോട്ടർപട്ടിക ക്രമക്കേടുകൾക്കും ഗ്യാനേഷ് കുമാറിനും സർക്കാരിനുമെതിരെ തെരുവുകളിലും പാർലമെന്റിലും ശക്തമായ പോരാട്ടം നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർ തന്നെ സി.ഇ.സിയുടെ നടപടികൾ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് തുറന്നുകാട്ടിയതോടെ, ഭരണകക്ഷിയെ സഹായിക്കാൻ കമീഷൻ നടത്തുന്ന നീക്കങ്ങൾ രാജ്യത്തിന് ബോധ്യപ്പെട്ടതായി ഖാർഗെ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ പദവിയിൽ തുടരാൻ ഗ്യാനേഷ് കുമാറിന് യാതൊരു അർഹതയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് മുന്നോട്ടുവെച്ച 5 പ്രധാന ആവശ്യങ്ങൾ:
1. വിവരങ്ങൾ പരസ്യപ്പെടുത്തുക: വോട്ടർപട്ടികയിൽ വരുത്തിയ എല്ലാ മാറ്റങ്ങളും സംബന്ധിച്ച പൂർണമായ ഡാറ്റ പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കുക.
2. അപ്പീലിന് അവസരം: വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റപ്പെട്ട എല്ലാ വോട്ടർമാർക്കും അപ്പീൽ നൽകാൻ കൃത്യമായ അവസരം നൽകുക.
3. ലളിതമായ ഫോർമാറ്റിൽ പട്ടിക: എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ലളിതമായ ഫോർമാറ്റിൽ പുതുക്കിയ വോട്ടർപട്ടിക കൈമാറുക.
4. നിഷ്പക്ഷ അന്വേഷണം: വോട്ടർപട്ടികയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ എല്ലാ മണ്ഡലങ്ങളിലും സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണം നടത്തുക.
5. പ്രക്രിയയിൽ പൂർണ സുതാര്യത: വിവരങ്ങൾ മറച്ചുവെക്കുന്നു എന്ന പ്രതീതി ഇല്ലാതാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സമ്പൂർണ സുതാര്യത ഉറപ്പാക്കുക.
ഭരണഘടനയുടെ കാതലും ജനാധിപത്യത്തിന്റെ ആത്മാവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ പാർട്ടി തയ്യാറാണെന്ന് ഖാർഗെ വ്യക്തമാക്കി. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ 'വോട്ട് ചോരി' ആരോപണം ശക്തമായി ഉയർത്തിക്കൊണ്ടുവന്ന രാഹുൽ ഗാന്ധിക്കൊപ്പം ഉറച്ചുനിന്ന നേതാക്കളെയും പ്രവർത്തകരെയും ഖാർഗെ അഭിനന്ദിച്ചു.
മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന സി.ഡബ്ല്യു.സി യോഗത്തിൽ മുൻ പാർട്ടി അധ്യക്ഷൻമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. വിഷയത്തിൽ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതിനായി ബുധനാഴ്ച 'ഇന്ത്യ' മുന്നണി നേതാക്കൾ ഡൽഹിയിൽ യോഗം ചേരുമെന്നും കോൺഗ്രസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.