പ്രതീകാത്മക ചിത്രം

കർണാടകയിലും മുസ്‍ലിം 'വോട്ട് വെട്ടൽ'!; ബി.ജെ.പിക്കാർ നൽകിയത് ആയിരത്തിലധികം അപേക്ഷകൾ

ബെംഗളൂരു: ഒഡീഷയ്ക്കും ബിഹാറിനും പിന്നാലെ കർണാടകയിലും വോട്ടർപട്ടികയിൽ നിന്ന് മുസ്‌ലിം വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യാൻ ആസൂത്രിത ശ്രമം നടക്കുന്നതായി വെളിപ്പെടുത്തൽ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി വോട്ടർമാരെ ഒഴിവാക്കാനായി 4,000-ലധികം 'ഫോം 7' അപേക്ഷകളാണ് സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ കൂട്ടത്തോടെ സമർപ്പിക്കപ്പെട്ടതെന്ന് 'ദി ഹിന്ദു' പത്രം റിപ്പോർട്ട് ചെയ്തു. ഇതിൽ ഒഴിവാക്കാൻ ആവശ്യപ്പെട്ട ഭൂരിഭാഗം വോട്ടർമാരും മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരാണ്. 

കോൺഗ്രസ്, ബി.ജെ.പി ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലാണ് കൂട്ടത്തോടെയുള്ള എതിർപ്പുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരാൾ നിലവിൽ താമസസ്ഥലത്തില്ലെന്നോ സ്ഥിരമായി താമസം മാറിയെന്നോ ചൂണ്ടിക്കാട്ടിയാണ് ഈ അപേക്ഷകൾ നൽകിയിരിക്കുന്നത്. എന്നാൽ, രേഖകൾ കൃത്യമായി സൂക്ഷ്മപരിശോധന നടത്തിയ ശേഷം മാത്രമേ അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കൂ എന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ബാബലേശ്വറിലും ഭാൽക്കിയിലും ഞെട്ടിക്കുന്ന കണക്കുകൾ

കോൺഗ്രസ് മന്ത്രി എം.ബി. പാട്ടീൽ പ്രതിനിധീകരിക്കുന്ന വിജയപുര ജില്ലയിലെ ബാബലേശ്വർ മണ്ഡലത്തിൽ സെപ്റ്റംബർ 22-ന് ഒറ്റ ദിവസം കൊണ്ട് 1,373 ഫോം 7 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1,363 അപേക്ഷകളും സമർപ്പിച്ചത് വെറും പത്ത് പേർ മാത്രമാണ്. സ്വന്തം പോളിംഗ് ബൂത്തുകൾക്ക് പുറത്തുള്ള മുസ്‌ലിം വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഇവർ അപേക്ഷ നൽകിയത്. ഹുച്ചപ്പ ഗാനിഗർ എന്ന വോട്ടർ സെപ്റ്റംബർ 22, 23 തീയതികളിലായി 493 അപേക്ഷകൾ നൽകിയപ്പോൾ, ഗോവിന്ദരാജ് മുണ്ടൂർ എന്നയാൾ 33 ബൂത്തുകളിലായി 413 അപേക്ഷകൾ സമർപ്പിച്ചു. 

മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതിനിധീകരിക്കുന്ന ബീദർ ജില്ലയിലെ ഭാൽക്കി മണ്ഡലത്തിലും സമാനമായ രീതിയിൽ വോട്ട് വെട്ടൽ നീക്കം നടന്നു. സെപ്റ്റംബർ 23-ന് 30 പേർ ചേർന്ന് 1,700-ലധികം പേരുകൾ ഒഴിവാക്കാൻ അപേക്ഷ നൽകി. സന്തോഷ് എന്നയാൾ മാത്രം രണ്ട് ദിവസങ്ങളിലായി 174 അപേക്ഷകൾ സമർപ്പിച്ചു. തുടർന്ന് സെപ്റ്റംബർ 24-ന് 525 അധിക അപേക്ഷകൾ കൂടി ലഭിച്ചതായും ഇതിൽ ഭൂരിഭാഗവും മുസ്‌ലിം പേരുകളാണെന്നും 'ദ ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തു. 

ബി.ജെ.പി എം.എൽ.എമാർ പ്രതിനിധീകരിക്കുന്ന ബസവകല്യാൺ, ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി എന്നീ മണ്ഡലങ്ങളിലും ഒരൊറ്റ പോളിംഗ് ബൂത്തിലെ മുസ്‌ലിം വോട്ടർമാരെ തിരഞ്ഞുപിടിച്ച് ഒരൊറ്റയാൾ തന്നെ ഡസൻ കണക്കിന് ഫോം 7 അപേക്ഷകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

ഫോമുകൾ തയ്യാറാക്കിയതിലും ദുരൂഹത

ഭാൽക്കിയിൽ പരിശോധിച്ച അപേക്ഷകളിൽ, ഒഴിവാക്കപ്പെടേണ്ട വോട്ടർമാരുടെ വിവരങ്ങൾ നേരത്തെ തന്നെ കമ്പ്യൂട്ടറിൽ പ്രിന്റ് ചെയ്ത നിലയിലായിരുന്നു; എന്നാൽ പരാതിക്കാരന്റെ വിവരങ്ങൾ മാത്രമാണ് കൈപ്പടയിൽ എഴുതിച്ചേർത്തത്. വിഷ്ണു വർദ്ധൻ കോട്ടെ എന്നയാളുടെ പേരിൽ സമർപ്പിച്ച അപേക്ഷകളിൽ ബന്ധപ്പെട്ടപ്പോൾ, താൻ വിഷ്ണു വർദ്ധനല്ലെന്നും സുരേഷ് എന്നയാളാണെന്നുമാണ് പ്രതികരിച്ചത്. തെറ്റായ വിവരങ്ങൾ നൽകി ഫോം 7 സമർപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് പരാതിക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ബീദർ, വിജയപുര ജില്ലാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ കൂട്ട അപേക്ഷകളുടെ മാത്രം അടിസ്ഥാനത്തിൽ നിലവിൽ ആരുടെയും വോട്ട് നിയമവിരുദ്ധമായി വെട്ടിമാറ്റിയിട്ടില്ലെന്നും പരിശോധനകൾ നടക്കുകയാണെന്നും കമീഷൻ അറിയിച്ചു.

Tags:    
News Summary - Over 4,000 Form 7 Pleas Seek Deletion of Names, Largely Muslim Voters, in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.