പ്രശാന്ത് കിഷോർ

തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തകർത്തു; ഒരാളെ മാറ്റിയതുകൊണ്ട് പരിഹാരമാകില്ലെന്ന് പ്രശാന്ത് കിഷോർ

പട്‌ന: കഴിഞ്ഞ അഞ്ച് മുതൽ ഏഴ് വർഷമായി ഭരണകക്ഷിയോട് പക്ഷപാതപരമായി പെരുമാറുന്നതിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത പൂർണമായും തകർന്നുവെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും ഭരണഘടനാ സ്ഥാപനത്തിന്റെ വ്യവസ്ഥാപിത തകർച്ചയാണ് പരിഹരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പട്‌നയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഗ്യാനേഷ് കുമാറിന് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന രാജീവ് കുമാറിന്റെ വിരമിക്കലിന് ശേഷമുള്ള നിയമനം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കിഷോർ ആഞ്ഞടിച്ചത്. 'ഗ്യാനേഷ് കുമാറിന് കീഴിലുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് മുൻപുണ്ടായിരുന്ന സി.ഇ.സി രാജീവ് കുമാർ, വിരമിച്ചയുടൻ പത്ത് ലക്ഷം കോടിയിലധികം വിപണി മൂല്യമുള്ള ഒരു പ്രമുഖ സ്വകാര്യ ബാങ്കിന്റെ ചെയർമാൻ പദവി ഏറ്റെടുത്ത കാര്യം നാം മറക്കരുത്. സർക്കാരിനെ സഹായിക്കുക, തുടർന്ന് ഏറ്റവും മികച്ച പദവികൾ നിങ്ങളെ തേടിയെത്തും എന്ന വ്യക്തമായ സന്ദേശമാണ് സി.ഇ.സിമാർക്ക് ഇതിലൂടെ ലഭിക്കുന്നത്,' പ്രശാന്ത് കിഷോർ ആരോപിച്ചു.

വോട്ടർപട്ടിക തയ്യാറാക്കൽ, തെരഞ്ഞെടുപ്പ് തീയതികളും ഘട്ടങ്ങളും നിശ്ചയിക്കൽ, പെരുമാറ്റച്ചട്ടം നടപ്പിലാക്കൽ തുടങ്ങി എല്ലാ കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കമീഷൻ ഭരണകക്ഷിയെയാണ് പരസ്യമായി തുണയ്ക്കുന്നത്. 2025-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ ഒന്നരക്കോടി സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനായി 'മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന' വഴി 10,000 രൂപ വീതം വിതരണം ചെയ്യാൻ കമീഷൻ സർക്കാരിന് അനുമതി നൽകിയത് 'വോട്ട് വാങ്ങാനുള്ള നീക്കമായിരുന്നു'വെന്ന് അദ്ദേഹം ആവർത്തിച്ചു. പ്രതിപക്ഷം നേരത്തെ തന്നെ കമീഷന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും, പുതിയ റിപ്പോർട്ടുകളിലൂടെ കമീഷനകത്ത് തന്നെ ആഭ്യന്തര കലാപം നടക്കുന്നുണ്ടെന്ന സത്യം പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്രാട്ട് ചൗധരി സർക്കാരിനെതിരെ കടന്നാക്രമണം

ബിഹാറിലെ ക്രമസമാധാന നില പൂർണമായി തകർന്നുവെന്ന കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ പ്രസ്താവനയെ ശരിവെച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെതിരെയും പ്രശാന്ത് കിഷോർ ആഞ്ഞടിച്ചു. 'നിതീഷ് ജിയുടെയും മോദി ജിയുടെയും പേരിൽ വോട്ട് ചെയ്ത ജനങ്ങൾ, അവരുടെ ആ വോട്ട് കാരണം ഒരു നിരക്ഷരനാണ് ഇന്ന് ബിഹാറിന്റെ മുഖ്യമന്ത്രിയായിരിക്കുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിയണം. വിദ്യാഭ്യാസമില്ലാത്ത ഒരാളെ അധികാരത്തിലേറ്റിയതിന്റെ ദുരന്തഫലമാണ് സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 23-ന് നടക്കാനിരിക്കുന്ന ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലെ എട്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജൻ സുരാജ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ഡി.എ സർക്കാരിനെ നിലയ്ക്കുനിർത്താനും 'ജംഗിൾ രാജ്' എന്ന് കുപ്രസിദ്ധി നേടിയ ആർ.ജെ.ഡിക്ക് ബദലാകാനും ബിഹാറിലെ ബിരുദധാരികളും അധ്യാപകരും ജൻ സുരാജിന് വോട്ട് ചെയ്യണമെന്ന് പ്രശാന്ത് കിഷോർ അഭ്യർത്ഥിച്ചു.

Tags:    
News Summary - ‘Help Govt, Get Lucrative Posts’: Prashant Kishor Slams ECI, Cites Former CEC Rajiv Kumar’s Appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.