രാജീവ്​ ഗാന്ധി വധം; പ്രതി നളിനിക്ക് 30 ദിവസം പരോൾ

രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസം പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനിടെ മൂന്നാം തവണയാണ് നളിനിക്ക്​ പരോള്‍ ലഭിക്കുന്നത്. മാതാവിന്‍റെ ആരോഗ്യനില പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോളിന് അനുമതി തേടി നളിനി ആഴ്ചകള്‍ക്ക് മുന്‍പ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍, അത് പരിഗണിക്കപ്പെട്ടില്ല. പിന്നീട് നളിനിയുടെ അമ്മ പത്മ തന്നെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിവേദനം നല്‍കി. അതിലും തീരുമാനമുണ്ടായില്ല. തുടര്‍ന്ന് തന്‍റെ ആരോഗ്യ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പത്മ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. നളിനിയുടെ പരോള്‍ സംബന്ധിച്ച തീരുമാനം ആലോചനയിലുണ്ട് എന്നായിരുന്നു ഹരജി ആദ്യം പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്.

ഇന്ന് വീണ്ടും കേസ് എടുത്തപ്പോള്‍ പരോള്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ചില ബന്ധുക്കളുമായി ജയിലില്‍ നിന്ന് വീഡിയോകാള്‍ ചെയ്യാനുള്ള അനുമതി നളിനിക്ക്​ കോടതി നേരത്തേ നല്‍കിയിരുന്നു. 2016ലാണ് നളിനി ആദ്യമായി പരോളില്‍ ഇറങ്ങിയത്. അന്ന് അച്ഛന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ മാത്രം പുറത്തിറങ്ങി. പിന്നീട് മകള്‍ ഹരിത്രയുടെ വിവാഹത്തിനായി 2019 ജൂലൈ 25 മുതല്‍ 51 ദിവസം പരോള്‍ ലഭിച്ചു. രാജീവ്ഗാന്ധി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നളിനിയും പേരറിവാളനും ഉള്‍പ്പെടെ ഏഴ് പേര്‍ മുപ്പത് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. ഏഴ് പേരെയും വിട്ടയക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഗവര്‍ണര്‍ അംഗീകരിച്ചില്ല. തീരുമാനം വൈകിപ്പിച്ച അന്നത്തെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പിന്നീട് ഫയല്‍ രാഷ്ട്രപതിക്ക് അയച്ചു.

മാനുഷിക പരിഗണന നല്‍കി ഏഴ് പേരെയും വിട്ടയക്കണം എന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രാഷ്ട്രപതിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Nalini gets one month parole; to spend time with her ailing mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.