ജെ.പി നദ്ദ
ന്യൂഡൽഹി: 14 കോടി അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബി.ജെ.പി മാറിയെന്നും അതിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ. വിശാഖപട്ടണത്ത് നടന്ന റാലിയിൽ സംസാരിക്കവേ മാതൃസംഘടനയായ ആർ.എസ്.എസിനെ പരാമർശിക്കാതെ മോദിയെ പ്രശംസിച്ച നദ്ദയുടെ നടപടി വിവാദമായിട്ടുണ്ട്. ആർ.എസ്.എസ് നേതൃത്വവും ബി.ജെ.പിയുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളുടെ പ്രകടമായ തെളിവാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ നദ്ദയുടെ കാലാവധി 2024 ജൂണിൽ അവസാനിച്ചതാണ്. എന്നാൽ, നദ്ദയുടെ പിൻഗാമിയെ കണ്ടെത്താൻ ബി.ജെ.പിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ് ഒന്നര വർഷമായിട്ടും ആ സ്ഥാനത്ത് തുടരുകയാണ് നദ്ദ.
11 വർഷമായി രാജ്യം ഭരിക്കുന്ന മോദിയുടെ പ്രകടന മികവിന്റെ ഉദാഹരണമാണ് പാർട്ടിയിലെ അംഗത്വം വർധിച്ചതെന്നും നദ്ദ വിലയിരുത്തി. അഴിമതിയും പ്രീണന രാഷ്ട്രീയവും മക്കൾ രാഷ്ട്രീയവുമായിരുന്നു കഴിഞ്ഞ സർക്കാറിന്റെ കാലത്തുണ്ടായിരുന്നതെന്നും മുതിർന്ന ബി.ജെ.പി നേതാവ് വിമർശിച്ചു.
പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന അഭിമുഖത്തിനിടെ, ആർ.എസ്.എസിൽ നിന്ന് സ്വതന്ത്രമായ പാർട്ടിയാണ് ബി.ജെ.പിയെന്ന് നദ്ദ അവകാശപ്പെട്ടിരുന്നു. ആർ.എസ്.എസും ബി.ജെ.പിയും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതിന്റെ സൂചനയായിരുന്നു ആ അഭിമുഖം. 'ഞങ്ങൾ വളരുകയാണ്. കൂടുതൽ കരുത്തോടെ...മാതൃസംഘടനയുടെ പിൻബലമില്ലാതെ ബി.ജെ.പിക്ക് സ്വന്തം നിലക്ക് നയിക്കാനുള്ള ശേഷിയുണ്ട് ഇപ്പോൾ''-എന്നായിരുന്നു ആർ.എസ്.എസിന്റെ പേരെടുത്ത് പറയാതെ നദ്ദ അന്ന് പറഞ്ഞത്.
ബി.ജെ.പി അംഗങ്ങളുടെ എണ്ണം ഇപ്പോൾ 14 കോടിയായിരിക്കുന്നു. അതിൽ രണ്ട് കോടി അംഗങ്ങൾ സജീവമാണ്. ലോക്സഭയിൽ ബി.ജെ.പിക്ക് 240 എം.പിമാരുണ്ട്. 1500 ഓളം ബി.ജെ.പി എം.എൽ.എമാരും 170 എം.എൽ.സിമാരും രാജ്യത്തുണ്ട്. 13 സംസ്ഥാനങ്ങളിൽ ബി.ജെ.പിയാണ് ഭരണം കൈയാളുന്നതെന്നും നദ്ദ പറഞ്ഞു.
നദ്ദയുടെ പിൻഗാമിയായി എത്തുന്നത് മോദിയുടെ വിശ്വസ്തനായ സഞ്ജയ് ജോഷിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആർ.എസ്.എസിനും ബി.ജെ.പിക്കുമിടയിലെ അസ്വാരസ്യങ്ങളാണ് പാർട്ടി പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു പിന്നിലെ കാലതാമസത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.