ഡിജിറ്റൽ അറസ്റ്റ്, സൈബർ തട്ടിപ്പു സംഘങ്ങളുടെ കേന്ദ്രം മ്യാൻമർ; ജോലി ചെയ്യുന്നത് സൈബർ അടിമകൾ; ഡൽഹി പൊലീസ് ഒരു സംഘത്തെ മോചിപ്പിച്ചു

ന്യൂഡൽഹി: കോടികളുടെ തട്ടിപ്പു നടത്തുന്ന സൈബർ സംഘങ്ങളുടെ കേന്ദ്രം മ്യാൻമർ; ഇവിടെ സൈബർ അടിമകളായി പണിയെടുക്കുന്നത് ഇന്ത്യക്കാരും പാകിസ്ഥാനികളുമൊക്കെ. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് ഇവിടെ ജോലിക്കെത്തിയ ചെറുപ്പക്കാരാണ് സൈബർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങി ഇവിടെ അടച്ചിട്ട സ​ങ്കേതങ്ങളിൽ ദിവസവും 15 മണിക്കൂർ വരെ അടിമപ്പണി ചെയ്യുന്നത്.

ഇങ്ങനെ പണിയെടുക്കുന്ന സംഘങ്ങളെ പൊലീസ് റെയ്ഡ് ചെയ്ത് മോചിപ്പിച്ച് ഇന്ത്യയിലെത്തിച്ചു. ​ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂനിറ്റാണ് റെയ്ഡ് നടത്തിൽ ഇവരെ മോചിപ്പിച്ചത്. 300 ഇന്ത്യക്കാരെയാണ് ​ഡൽഹിയിലെത്തിച്ചത്.

ഇതിലൊരാളാണ് ഡൽഹി സ്വദേശിയായ ഇൻതിയാസ്. ഡെൽഹിയിൽ നിന്നാണ് ഇയാൾ നല്ല ശമ്പളമുള്ള ജോലി പ്രതീക്ഷിച്ച് വിദേശത്തുപോയി കബളിപ്പിക്കപ്പെട്ട് മ്യാൻമറിലെത്തിയത്. അവിടെ എത്തിയ​പ്പോൾ ലഭിച്ചത് സൈബർ തട്ടിപ്പുസംഘത്തിലെ അടിമപ്പണി.15 മണിക്കൂറാണ് അടച്ചിട്ട മുറിയിൽ പണിയെടുക്കുന്നത്. ഒരു പെണ്ണായി അഭിനയിച്ച് ലോകത്തെ വിവിധ ഇടങ്ങളിലുള്ളവരുമായി ചാറ്റിങ് നടത്തുകയാണ് ജോലി. ഭാഷകൾ പരിഭാഷപ്പെടുത്താനുള്ള ആപ്പുകൾ നൽകിയിട്ടുണ്ട്.

ആളുകളെ സ്വാധീനിച്ച് വ്യാജ നിക്ഷേപങ്ങളിലേക്കും സൈബർ അറസ്റ്റിലേക്കു​മൊക്കെ വലിച്ചിഴച്ച് തട്ടിപ്പു സംഘങ്ങൾക്ക് കോടികൾ ഉണ്ടാക്കി​ക്കൊടുക്കുക എന്നതാണ് ഇവരുടെ ജോലി. മ്യാന്മറിലെ മ്യാവാഡി ഏരിയയിലെ കെ.കെ പാർക്കിൽ നിന്നാണ് സംഘത്തെ പൊക്കിയത്. ഇന്ത്യക്കാരെ കൂടാതെ പാകിസ്ഥാനികളും എ​ത്യോപ്യക്കാരും ഇവിടെ ഇത്തരത്തിൽ പണിയെടുക്കുന്നു.

പല തരത്തിൽ ജോലിക്കാരെ വിഭജിച്ചിരിക്കുകയാണ്. ഇവർക്ക് അനുമതിയില്ലാതെ പുറത്തുപോകാൻ കഴിയില്ല. ഡോർമിറ്ററിയിൽ കഴിയണം. എതിർക്കുകയോ ജോലിചെയ്യാതിരിക്കുകയോ ചെയ്താൽ ശിക്ഷയും ശമ്പളം വെട്ടിക്കുറയ്ക്കലും.

മാർച്ചിൽ ബംഗാളിൽ നിന്ന് ബാങ്കോക്കിലെത്തിച്ച ശേഷമാണ് ഇൻതിയാസിനെ സംഘം മ്യാൻമറിൽ എത്തിച്ചത്. ഡിജിറ്റൽ ഫൊറൻസിക് പരിശോധനകൾ നടത്തി വരികയാണ് പൊലീസ്. മ്യാൻമർ മിലിറ്ററി സംഘം ഇവിടെ റെയ്ഡ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

Tags:    
News Summary - Myanmar is the hub of digital arrest and cyber fraud gangs; Cyber ​​slaves work there; Delhi Police frees a gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.