ഡി.കെ ശിവകുമാർ, സിദ്ധരാമയ്യ, സതീഷ് ജാർക്കിഹോളി
ബെളഗാവി: കർണാടകയിലെ കോൺഗ്രസ് സർക്കാറിൽ നേതൃമാറ്റമുണ്ടാകുമെന്ന സൂചന നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. പിതാവ് സിദ്ധരാമയ്യ തന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും 2028ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ മത്സരിക്കില്ലെന്നും യതീന്ദ്ര വ്യക്തമാക്കി.
നിലവിലെ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ പിൻഗാമിയായി കർണാടക മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. ഇതിനിടെയാണ് യതീന്ദ്ര സിദ്ധരാമയ്യയുടെ പ്രതികരണം.
പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയെ പിതാവ് ഉപദേശിക്കണം. പിതാവ് രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിച്ച ശേഷം ആ സ്ഥാനം നികത്താൻ സാധിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് സതീഷ് ജാർക്കിഹോളി. സതീഷ് ജാർക്കിഹോളിയാണ് അടുത്ത മുഖ്യമന്ത്രിയെന്നും യതീന്ദ്ര വ്യക്തമാക്കി.
നിരവധി രാഷ്ട്രീയക്കാർ കോൺഗ്രസിന്‍റെ മതേതര പ്രത്യയശാസ്ത്രം പിന്തുടരുന്നുണ്ട്. സതീഷ് ജാർക്കിഹോളി അവരെ നയിക്കണം. 2028ന് ശേഷം സമാന തത്വങ്ങൾ പിന്തുടരുന്ന നേതാവായി ഒരാൾ ഉയർന്നുവരണം. പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിൽ സ്ഥിരമായി ഇടപെടുന്നവരിൽ ഒരാളാണ് സതീഷ് ജാർക്കിഹോളി. പുരോഗമന തത്വങ്ങളുള്ള നേതാക്കളെയാണ് സംസ്ഥാനത്തിന് ആവശ്യമെന്നും കപ്പലഗുഡ്ഡിയിലെ എം.എൽ.സി കൂടിയായ യതീന്ദ്ര പറഞ്ഞു.
നേതൃമാറ്റത്തെ കുറിച്ച് ഒരു ചോദ്യമില്ല. പാർട്ടിയിൽ അത്തരമൊരു ചർച്ച നടന്നിട്ടില്ല. നേതൃമാറ്റം എം.എൽ.എമാരും ഹൈക്കമാൻഡും തീരുമാനമെടുക്കും. മുഖ്യമന്ത്രിയെ മാറ്റുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ചയില്ലെന്നും യതീന്ദ്ര വ്യക്തമാക്കി.
നേരത്തെ, കർണാടകയിൽ മുഖ്യമന്ത്രി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യ അഞ്ച് വർഷം പൂർത്തിയാക്കുമെന്നും യതീന്ദ്ര വ്യക്തമാക്കിയിരുന്നു.
ഡി.കെ. ശിവകുമാർ പക്ഷത്തെ ശക്തനായ നേതാവായ സതീഷ് ജാർക്കിഹോളി സിദ്ധമാരയ്യ സർക്കാറിൽ പൊതുമരാമത്ത് മന്ത്രിയാണ്. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് എം.പിയായ എൽ.ആർ. ശിവരാമ ഗൗഡ നേരത്തെ വ്യക്തമാക്കിയിരുന്നു.
കർണാടകയിൽ മുഖ്യമന്ത്രി മാറ്റമെന്ന അഭ്യൂഹം നിലനിൽക്കെ കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറും ഡൽഹിയിലെത്തി കോൺഗ്രസ് കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്താനാണ് എത്തിയതെന്നാണ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.
മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച് കർണാടക കോൺഗ്രസിലെ പല നേതാക്കളും പരസ്യപ്രസ്താവന തുടർന്ന സാഹചര്യത്തിൽ അനുനയത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല ബംഗളൂരുവിലെത്തിയിരുന്നു.
കർണാടകയിലെ സിദ്ധരാമയ്യ സർക്കാറിന്റെ ഭരണം രണ്ടുവർഷം പിന്നിട്ടതോടെയാണ് മുഖ്യമന്ത്രിമാറ്റം സംബന്ധിച്ച ചർച്ച സജീവമായത്. നവംബറിൽ സർക്കാർ ഭരണം രണ്ടര വർഷം പൂർത്തിയാവും. നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദവിക്കായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ചരടുവലിച്ചിരുന്നു.
ഒടുവിൽ ഹൈകമാൻഡിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ശിവകുമാർ പിടി അയഞ്ഞത്. ഇരുവർക്കും രണ്ടര വർഷം വീതം മുഖ്യമന്ത്രിപദമെന്ന ഫോർമുല രൂപപ്പെടുത്തിയിരുന്നതായാണ് വിവരം. സിദ്ധരാമയ്യയുടെ കാലാവധി രണ്ടു വർഷം പിന്നിട്ടതോടെ ഡി.കെ വിഭാഗം മുഖ്യമന്ത്രിമാറ്റം സംബന്ധിച്ച ചർച്ച സജീവമാക്കുകയായിരുന്നു. കോൺഗ്രസ് സർക്കാർ ഉറച്ച പാറപോലെ അഞ്ചു വർഷം പൂർത്തിയാക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച് സിദ്ധരാമയ്യയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.