ഡൽഹിയിലെ സീലാംപൂരിൽ ജുമുഅ കഴിഞ്ഞുവരുന്ന മുസ്‍ലിംകളെ പൂക്കൾ വാരിയെറിഞ്ഞ് സ്വീകരിക്കുന്ന ഹിന്ദുസഹോദരർ
ന്യൂഡൽഹി: ഹോളി ആഘോഷം ഹിന്ദു-മുസ്‍ലിം ഭിന്നിപ്പിന് ആയുധമാക്കിയവർക്കുള്ള മറുപടിയാണ് ഡൽഹിയിലെ സീലാംപുരിൽ നിന്നുള്ള കാഴ്ച. ജുമുഅ കഴിഞ്ഞിറങ്ങിയ മുസ്‍ലിം സഹോദരങ്ങളുടെ ദേഹത്ത് പൂവിതറുകയാണ് ഹിന്ദു സഹോദരർ.
മതസാഹാർദത്തിന്റെ ഉത്തമ മാതൃകയെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തിരിക്കുകയാണ് ഈ മനോഹര കാഴ്ച. പല നിറത്തിലുള്ള പൂക്കളുടെ ദളങ്ങളാണ് ഹിന്ദു സഹോദരർ വാരിയെറിഞ്ഞത്. ഹോളി വർണങ്ങളുടെ ആഘോഷമാണ്. വർണങ്ങൾക്ക് പകരമായാണ് ആളുകൾ പല നിറത്തിലുള്ള പൂക്കളുടെ ദളങ്ങൾ തിരഞ്ഞെടുത്തത് എന്ന് മാത്രം.
സാമൂഹിക വിഭജനങ്ങൾ വർധിച്ചുവരുന്ന ഈ സമയത്ത്, ഇത്തരം സൗഹാർദപരമായ പ്രവൃത്തികൾ ആഴത്തിൽ വേരൂന്നിയ സഹവർത്തിത്വത്തിന്റെയും ഐക്യത്തിന്റെയും ധാർമ്മികതയെ ഓർമിപ്പിക്കുകയാണ്. ഐക്യത്തിന്റെ പുനസ്ഥാപനമായിട്ടാണ് പലരും ഈ കാഴ്ചയെ വിലയിരുത്തിയത്.
വർഷങ്ങൾക്കു മുമ്പ് മതേരമായാണ് ഹോളിയും ഇന്ത്യക്കാർ ആഘോഷിച്ചിരുന്നത്. തികച്ചും യാദൃശ്ചികമായാണ് ഈ വർഷത്തെ ഹോളിയും ജുമുഅയും ഒന്നിച്ചു വന്നത്. റമദാനിലെ ജുമുഅകൾ വിശ്വാസികൾക്ക് ഏറെ പ്രധാന്യമുള്ളതുമാണ്. എന്നാൽ ഇക്കുറി ഹോളിയാഘോഷത്തിന്റെ പേരിൽ സ്പർധ വളർത്താനുള്ള ശ്രമങ്ങളാണ് അരങ്ങേറിയത്.
ചില വിഭാഗങ്ങൾ ഭിന്നിപ്പിനുള്ള ആയുധമാക്കി അത് മാറ്റുകയും ചെയ്തു.ഹോളിയോടനുബന്ധിച്ച് ഷാജഹാൻപൂരിലെ 70 മുസ്‍ലിം പള്ളികൾ യു.പി സർക്കാർ ടാർപോളിൻ കൊണ്ട് മൂടിയ സംഭവവുമുണ്ടായി. അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ ന്യായീകരണം.
ഹോളി സമയത്ത് നിറങ്ങൾ ദേഹത്ത് പടരാതിരിക്കാൻ മുസ്‍ലിം പുരുഷൻമാർ ദേഹത്ത് ഹിജാബ് ധരിക്കണമെന്ന യു.പി മന്ത്രി രഘുരാജ് സിങ്ങിന്റെ പ്രസ്താവനയും വിവാദമായിരുന്നു. 46 വർഷത്തിനു ശേഷം ഹോളി ആഘോഷം നടന്ന സംഭാലിൽ വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.