വ്യക്തിനിയമ ബോര്‍ഡിന് പിന്തുണയുമായി ആദിവാസി, ദലിത്, ന്യൂനപക്ഷ സംഘടനകള്‍

ന്യൂഡല്‍ഹി: ഏക സിവില്‍കോഡിനെതിരായ പോരാട്ടത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് പിന്തുണയുമായി ആദിവാസി, ദലിത്, ലിംഗായത്ത്, ബുദ്ധ സംഘടനകള്‍. എന്‍.ഡി.എ  2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞതുപ്രകാരം ഏക സിവില്‍കോഡ് നടപ്പാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

ഏക സിവില്‍കോഡ് മുസ്ലിംകളുടെ മാത്രം വിഷയമെന്ന നിലയില്‍ അവതരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്നാല്‍ ദലിതുകളുടെയും ആദിവാസി ഗോത്രവിഭാഗങ്ങളുടെയും ജൈന, ബുദ്ധ ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ഹനിക്കുന്നുണ്ടെന്നും അതിനാല്‍ ഇത് മനുഷ്യാവകാശപ്രശ്നമായി കാണണമെന്നും നൊമാഡിക് ട്രൈബ് കമ്മിറ്റി നേതാവ് അനില്‍കുമാര്‍ മാനെ പറഞ്ഞു. ബഹുഭാര്യത്വം മുസ്ലിംകള്‍ക്കിടയിലല്ല, തങ്ങള്‍ക്കിടയിലുമുണ്ട്. പരമ്പരാഗതമായി ആദിവാസികള്‍ പുലര്‍ത്തുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭരണഘടന പ്രത്യേക സംരക്ഷണം നല്‍കിയിരിക്കേ ഇതെങ്ങനെ എടുത്തുകളയാനാകുമെന്ന് മാനെ ചോദിച്ചു. 

ഹിന്ദുമതത്തിന്‍െറ പേരിലുള്ള ആചാരങ്ങളല്ല തങ്ങള്‍ക്കുള്ളതെന്നും തങ്ങള്‍ക്കു മാത്രമായി വ്യക്തിനിയമങ്ങളുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കം അതിനെയും ബാധിക്കുമെന്നും വിശ്വ ലിംഗായത്ത് മഹാസഭ നേതാവ് കോര്‍ണേശ്വര്‍ സ്വാമി പറഞ്ഞു. ഭാരത് മുക്തി മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്‍റ് വാമന്‍ മേശ്രം, രാഷ്ട്രീയ ആദിവാസി ഏകതാ പരിഷത്ത് കോഓഡിനേറ്റര്‍ പ്രേംകുമാര്‍ ഗേദം, ബുദ്ധിസ്റ്റ് ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ദേശീയ ഇന്‍ചാര്‍ജ് ബാബ ഹസ്തെ, ഇത്തിഹാദെ മില്ലത്ത് കോണ്‍ഫറന്‍സ് നേതാവ് തൗഖീര്‍ റസ ഖാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


 

Tags:    
News Summary - muslim personal law board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.