മുംബൈ-പുണെ എക്സ്പ്രസ് സുരക്ഷാസംവിധാനം കെല്‍ട്രോൺ വക

തിരുവനന്തപുരം: കെല്‍ട്രോണ്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് സിസ്റ്റത്തിന് കേരളത്തിന് പുറത്തുനിന്നുള്ള ആദ്യ ഓര്‍ഡര്‍ മഹാരാഷ്ട്ര സര്‍ക്കാറില്‍നിന്ന് ലഭിച്ചു. മുംബൈ-പുണെ എക്‌സ്പ്രസ് ഹൈവേയിലെ (യശ്വന്ത്‌റാവു ചവാന്‍ എക്‌സ്പ്രസ് വേ) ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനാണ് ഓര്‍ഡര്‍. 9.05 കോടി രൂപയുടെ പദ്ധതിയാണിത്.

ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് പദ്ധതികളില്‍ കേരളത്തിന് പുറത്ത് കെല്‍ട്രോണിന് ലഭിക്കുന്ന ആദ്യത്തെ വലിയ പദ്ധതിയാണിത്. റഡാര്‍ അധിഷ്ഠിതമായ 28 സ്‌പോട്ട് ആന്‍ഡ് ആവറേജ് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്‍റ് സംവിധാനവും 11 ആവറേജ് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്‍റ് സംവിധാനവുമാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സ്ഥാപിച്ചുനല്‍കുന്നത്.

ഹൈവേയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങെളയും 24 മണിക്കൂറും നിരീക്ഷിക്കുകയും അവയുടെ നമ്പറും ചിത്രവും വേഗവും ദിശയുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുകയും ചെയ്യുന്ന സംവിധാനമാണ് റഡാര്‍ അധിഷ്ഠിത സ്‌പോട്ട് ആന്‍ഡ് ആവറേജ് സിസ്റ്റം. വാഹനങ്ങളുടെ ചിത്രവും നമ്പര്‍ പ്ലേറ്റും ജി.പി.എസ് അധിഷ്ഠിതമായ സമയവും അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയും കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുകയും ചെയ്യും. ആവറേജ് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം എന്നാണ് ഈ സംവിധാനത്തിന്‍റെ പേര്. ഇതിലൂടെ വാഹനങ്ങളുടെ ശരാശരി വേഗം ഉള്‍പ്പെടെ കണ്ടെത്താനാകും. കണ്‍ട്രോള്‍ റൂമിലെത്തുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാം.

ട്രാഫിക് സിഗ്നലുകള്‍, എല്‍.ഇ.ഡി സൈന്‍ ബോര്‍ഡുകള്‍, ടൈമറുകള്‍ എന്നീ ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന ട്രാഫിക് സിഗ്‌നല്‍ സൊല്യൂഷന്‍സ്, ജങ്ഷനുകളും റോഡുകളും നിരീക്ഷിക്കുന്നതിനുള്ള സര്‍വൈലന്‍സ് കാമറകള്‍, റോഡ് നിയമങ്ങള്‍ പാലിക്കുന്നു എന്നുറപ്പാക്കാന്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍, റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ കാമറകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്‍റ് സൊല്യൂഷന്‍സ് എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലായി റോഡ് സുരക്ഷക്കുള്ള എല്ലാവിധ സേവനങ്ങളും കെല്‍ട്രോണ്‍ നിലവില്‍ നല്‍കുന്നുണ്ട്.

Tags:    
News Summary - Mumbai-Pune Express security system by Keltron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.