മുംബൈ: ബസിലിടിച്ച ശേഷം നിർത്താതെ അതിവേഗം ഓടിച്ചുപോയ കാർ നാലുകുട്ടികളെ ഇടിച്ചിട്ട ശേഷം പൊലീസ് വാനിൽ ഇടിച്ചുനിന്നു. സംഭവത്തിൽ കാർ ഡ്രൈവറായ മാഹിം സ്വദേശി ദിലീപ് ചത്വാനിയെ(80) മുംബൈ പൊലീസ് പിടികൂടി. ഗുരുതര പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ സി.എസ്.ടി ജങ്ഷന് സമീപം മക്ഡൊണാൾഡിന് മുന്നിൽ ചൊവ്വാഴ്ചയാണ് സംഭവം.
ജിപിഒയിൽ നിന്ന് വരികയായിരുന്ന ദിലീപ് ഓടിച്ച ടാറ്റ ടിയാഗോ കാർ സിഗ്നലിൽവെച്ച് സ്വകാര്യ ബസുമായി ചെറുതായി ഉരസിയിരുന്നു. തുടർന്ന് നിർത്താതെ അതിവേഗം ഓടിച്ച കാർ നിയന്ത്രണം വിടുകയും മക്‌ഡൊണാൾഡിന് മുന്നിലൂടെ പോവുകയായിരുന്ന കുട്ടികളെ ഇടിച്ചിട്ടശേഷം അവിടെ പാർക്ക് ചെയ്‌തിരുന്ന പൊലീസ് വാനിൽ ഇടിച്ച് കയറുകയുമായിരുന്നുവെന്നന് ആസാദ് മൈതാൻ പൊലീസ് പറഞ്ഞു.
കൊളാബയിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ ഫുട്ബാൾ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സദ്ദാം അൻസാരി (18), പ്രവീൺ ഗുപ്ത (18), അജയ് ഗുപ്ത (18), വിജയ് രാജ്ഭർ (17) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ വിജയ് ഒഴികെയുള്ളവരുടെ പരിക്ക് ഗുരുതരമാണ്.
ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം നടന്നതെന്ന് ഡി.സി.പി പ്രവീൺ മുണ്ടെ പറഞ്ഞു. മസ്ജിദ് ബന്ദറിൽ വ്യാപാരിയായ ചത്വാനി കട പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്നു. കാറിനുള്ളിലെ എയർ ബാഗ് തുറന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ട ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനക്ക് വിധേയനാക്കി. ഐപിസി സെക്ഷൻ 279,338, മോട്ടോർ വെഹിക്കിൾ ആക്ട് എന്നിവ പ്രകാരം ആസാദ് മൈതാൻ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.