ചെ​ന്നൈയിൽ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നും വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യു​മാ​യി സം​ഭാ​ഷ​ണ​ത്തി​ൽ

മുല്ലപ്പെരിയാർ: മുഴുവൻ വെള്ളവും എടുത്തോളൂ, പുതിയ ഡാം വേണമെന്ന് വി.ഡി. സതീശൻ; നിരസിച്ച് വിജയ്

ചെന്നൈ: കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ തമിഴ്നാട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വ്യാഴാഴ്ച ചെന്നൈ മഹാബലിപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ നടന്ന മുഖ്യമന്ത്രിമാരുടെ ദക്ഷിണ മേഖല കൗൺസിൽ യോഗത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

എന്നാൽ, ഡാമിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതി വിധിക്കനുസരിച്ച് മാത്രമേ നിലപാട് സ്വീകരിക്കാൻ കഴിയൂ എന്നും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യോഗത്തിൽ നിലപാടെടുത്തു. അന്തർ സംസ്ഥാന പ്രശ്‌നങ്ങൾക്ക് സൗഹാർദപരമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ നടന്ന യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും ചർച്ചയായി.

ഡാം നിർമാണ ചെലവ് പൂർണമായും കേരളം വഹിക്കുമെന്നും തമിഴ്നാടിന്റെ നിയന്ത്രണത്തിൽ പുതിയ ഡാമിന്റെ സ്ഥല നിർണയം, ഡിസൈനിങ്, നിർമാണം തുടങ്ങിയവ നടത്താമെന്നും അവർക്ക് മുഴുവൻ വെള്ളമെടുക്കാൻ തടസ്സമുണ്ടാകില്ലെന്നും യോഗത്തിൽ സതീശൻ വിശദീകരിച്ചു. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് കേരളത്തിന്റെ നിർദേശത്തിന്റെ ആകെത്തുകയായി മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.

കൂടാതെ, അന്തർ സംസ്ഥാന സർവിസുകൾ നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ടോൾ ഒഴിവാക്കണമെന്നും ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിൽ പുനഃപരിശോധന വേണമെന്നും കേരളം ആവശ്യപ്പെട്ടു. ലോക്സഭ സീറ്റുകൾ 543 ആയി നിലനിർത്തണമെന്നും നിലവിലെ സീറ്റെണ്ണത്തിൽ തന്നെ വനിത സംവരണം നടപ്പാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അതേസമയം, 999 വർഷത്തെ കരാർ കാലാവധിയുള്ള ഡാമിന് ബലക്ഷയമില്ലെന്നും സുപ്രീംകോടതി നിർദേശപ്രകാരം ഡാമിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ആവശ്യപ്പെട്ടത്. കൂടാതെ, കാവേരി വിഷയത്തിൽ സുപ്രീം കോടതിയുടെയും കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെയും ഉത്തരവുകൾ മാനിക്കണമെന്നും വിജയ് യോഗത്തിൽ ആവശ്യപ്പെട്ടു.

തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ചെന്നൈ- ബംഗളൂരു-അമരാവതി ബുള്ളറ്റ് ട്രെയിൻ സർവിസ് ആരംഭിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു ആവശ്യപ്പെട്ടു. യോഗത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന ഉപമുഖ്യമന്ത്രി മല്ലുപാട്ടി വിക്രമാർഗ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കൈലാസ് നാഥൻ, ആന്തമാൻ, ലക്ഷദ്വീപ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി വിട്ടുനിന്നു. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയുമായി വി.ഡി. സതീശൻ പ്രത്യേകം കൂടിക്കാഴ്ച നടത്തി. സതീശനൊപ്പം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട്, മുഖ്യമന്ത്രിയുടെ പ്രസ്താവന അനവസരത്തിലെന്ന് ആക്ഷേപം

നിലവിലെ കരാർ പ്രകാരം മുല്ലപ്പെരിയാറിലെ വെള്ളം കേരളത്തിന് ലഭിക്കുന്നില്ല. പൂർണമായും തമിഴ്നാടാണ് കൊണ്ടുപോകുന്നത്. ജലനിരപ്പ് 142 അടിക്ക് മുകളിലെത്തി തമിഴ്നാട് ഡാം തുറക്കുന്ന സാഹചര്യമുണ്ടായാൽ മാത്രം സ്പിൽവേയിലൂടെ കുറച്ച് വെള്ളം ഒഴുകി ഇടുക്കി ഡാമിലെത്തുന്നത് മാത്രമാണ് ഇതിന് അപവാദം. ഇത് വളരെ അപൂർവമായി മാത്രമാണ് സംഭവിക്കുന്നത്. ഇതിനിടെ, ഇടുക്കി ഡാമിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം കാര്യക്ഷമമാക്കാൻ കൂടുതൽ വൈദ്യുതി ആവശ്യമുണ്ടെന്നിരിക്കെ മുഴുവൻ വെള്ളവും തമിഴ്നാടിന് നൽകാമെന്ന, വി.ഡി സതീശന്റെ പ്രസ്താവന അനവസരത്തിലാണെന്ന ആക്ഷേപവും ഇടുക്കിയിൽ ഉയരുന്നുണ്ട്.


Tags:    
News Summary - Mullaperiyar: VD Satheesan demands new dam; Vijay rejects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.