മംഗളൂരു: രണ്ടാമതും പിറന്നത് പെൺകുഞ്ഞായതോടെ കുടുംബത്തിലെ പഴി ഭയന്ന് നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മാതാവ്. കുഞ്ഞിനെ കാലി മേയ്ക്കാൻ വന്ന സ്ത്രീകൾ കണ്ടെത്തി രക്ഷപ്പെടുത്തി. സിറ താലൂക്കിൽ കല്ലമ്പെല്ലക്കടുത്ത മതനഹള്ളി ഗ്രാമത്തിലാണ് സംഭവം.
വീട്ടിലെ ദാരിദ്ര്യവും കുടുംബത്തിൽ നിന്ന് കേൾക്കേണ്ടിവരുന്ന പഴിയും ഭയന്നാണ് കമലമ്മ എന്ന സ്ത്രീ തനിക്ക് രണ്ടാമതും പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ചത്. വീട്ടിലായിരുന്നു കമലമ്മയുടെ പ്രസവം. കുഞ്ഞിനെ പുതപ്പിൽ പൊതിഞ്ഞ് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
കാലികളെ മേയ്ക്കാനെത്തിയവർ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയായിരുന്നു. ഇവർ നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തി. ഒപ്പമുള്ള സ്ത്രീകൾ കുഞ്ഞിനെ പരിപാലിക്കുകയും മുലയൂട്ടുകയും ചെയ്തു. കല്ലമ്പെല്ല പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി കുഞ്ഞിനെ പിന്നീട് വനിതാ ശിശു വികസന വകുപ്പിന് കൈമാറുകയുമായിരുന്നു.
ദാരിദ്ര്യവും വീണ്ടും പെൺകുട്ടിയെ പ്രസവിച്ചതിന് കുടുംബത്തിൽ നിന്നുണ്ടായ ശകാരവുമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമെന്ന് കമലമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മയും കുഞ്ഞും ഇപ്പോൾ സിറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.