മോഡൽ ശ്രദ്ധ ദുബെ, കൊല്ലപ്പെട്ട ശിവ ശർമ
അത് ആത്മഹത്യയല്ല! കഫേ ഉടമയുടെ കൊലപാതകത്തിൽ പങ്കാളിയും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ
ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോവിൽ കഫേ ഉടമ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന ഫാഷൻ മോഡൽ ശ്രദ്ധ ദുബെ നാഗ്പൂരിൽ പിടിയിൽ. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ലഖ്നോ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ അറസ്റ്റിലായത്.
കഫേ ഉടമ ശിവ ശർമയുടെ (28) മരണവുമായി ബന്ധപ്പെട്ട് 11 ദിവസമായി ഒളിവിലായിരുന്നു, മുപ്പത്തൊന്നുകാരിയായ ശ്രദ്ധ ദുബെ. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
നാഗ്പൂർ സിറ്റിയിലെ വാർധ റോഡിലുള്ള ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഉച്ചകഴിഞ്ഞ് 3:30ഓടെയാണ് പൊലീസ് സംഘം പിടികൂടിയത്. നാഗ്പൂർ പൊലീസ് ക്രൈംബ്രാഞ്ചും യു.പി എസ്ടി.എഫിന് സഹായം നൽകി. നാഗ്പൂർ ക്രൈംബ്രാഞ്ച് ഡി.സി.പി ദീപക് അഗർവാൾ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒക്ടോബർ ഒമ്പതിന് ലഖ്നോലെ ഹസ്രത്ഗഞ്ച് മേഖലയിലുള്ള ബാല അഡ്ഡയിലെ അപ്പാർട്ട്മെന്റിന്റെ ബാലക്കണിയിൽ നിന്ന് വീണാണ് ശിവ ശർമ്മ മരിച്ചത്. തുടക്കത്തിൽ ഇതൊരു അപകട മരണമാണെന്നാണ് കരുതിയിരുന്നത്.
എന്നാൽ, യുവാവിനെ മർദിച്ച് കൊലപ്പെടുത്തി കെട്ടിടത്തിൽ നിന്ന് താഴെ എറിഞ്ഞതാണെന്ന് കാണിച്ച് കുടുംബം പരാതി നൽകിയതോടെ പൊലീസ് അന്വേഷണം തുടങ്ങി.
മരണവുമായി ബന്ധപ്പെട്ട് ശ്രദ്ധ ദുബെ, സഹോദരി രശ്മി, ഡ്രൈവർ, മറ്റ് രണ്ട് പേർ എന്നിവർക്കെതിരെ ഹസ്രത്ഗഞ്ച് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലഖ്നോ പോലീസ് ആദ്യം 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് 50,000 രൂപയായി ഉയർത്തി.
കഴിഞ്ഞ ഞായറാഴ്ച ശ്രദ്ധ ദുബെയുടെ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവ ശർമയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അദ്ദേഹം ജീവനൊടുക്കുകയായിരുന്നു എന്നുമാണ് ശ്രദ്ധ വീഡിയോകളിൽ അവകാശപ്പെടുന്നത്.
15 മുതൽ 20 ലക്ഷം രൂപ വരെ കടബാധ്യതയുണ്ടായിരുന്ന ശിവ ശർമ്മ, പണം തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവനൊടുക്കുമെന്ന് പറഞ്ഞിരുന്നതായും അവർ ആരോപിച്ചിരുന്നു.
ഒക്ടോബർ ഒമ്പതിന് തന്റെ വീട്ടിലെ ബാത്ത്റൂമിൽ കയറിയ ശിവ ശർമ്മ വാതിലടക്കുകയായിരുന്നുവെന്നും, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാൻ സഹോദരിയോട് ആവശ്യപ്പെട്ടെങ്കിലും വാതിൽ തുറക്കുന്നതിന് മുമ്പ് അദ്ദേഹം ബാലക്കണിയിൽ നിന്ന് ചാടുകയാണുണ്ടായതെന്നുമാണ് ശ്രദ്ധയുടെ വിശദീകരണം.
വായ്പ നൽകിയവരും ശിവ ശർമ്മയും തമ്മിലുള്ള ആശയവിനിമയങ്ങൾ വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ഫോൺ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ദുബെ പറഞ്ഞു.
എന്നാൽ, മകൻ ആത്മഹത്യ ചെയ്തതാണെന്ന വാദം തള്ളിയ ശിവ ശർമ്മയുടെ അമ്മ രഞ്ജന, എന്തുകൊണ്ടാണ് ഈ കാര്യം ശ്രദ്ധ നേരത്തെ പൊലീസിനോട് പറയാതിരുന്നതെന്ന് ചോദിക്കുകയും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.