മുടങ്ങിയത് 70ലേറെ എയർ ഇന്ത്യ സർവിസുകൾ; 300ഓളം ജീവനക്കാർ കൂട്ട അവധിയെടുത്തു

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ മുടങ്ങിയത് 70ലേറെ വിമാനസർവിസുകൾ. യാത്ര മുടങ്ങിയതോടെ പലയിടത്തും കനത്ത പ്രതിഷേധമുയർന്നു. ജീവനക്കാർ കൂട്ടത്തോടെ അസുഖ അവധിയെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അലവൻസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജീവനക്കാരുടെ സമരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 300ഓളം സീനിയർ കാബിൻ ക്രൂ അംഗങ്ങൾ സർവിസുകൾക്ക് തൊട്ടുമുമ്പായി അവധിയെടുത്ത് സമരം ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര സർവിസുകൾ ഉൾപ്പെടെ 79 സർവിസ് മുടങ്ങിയതായാണ് റിപ്പോർട്ട്. 

അവസാന നിമിഷത്തിലാണ് ജീവനക്കാർ അസുഖ അവധിയെടുത്തതെന്നും ജീവനക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ട് പരമാവധി ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും വക്താവ് വ്യക്തമാക്കി. യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാർ ഏപ്രിലിൽ എയർ ഇന്ത്യ മാനേജ്‌മെന്റിന് കത്ത് നൽകിയിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് വേതനം ലഭിക്കുന്നില്ല എന്നതാണ് ജീവനക്കാർ പ്രധാനമായും ഉന്നയിക്കുന്ന പരാതി. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയർ ഇന്ത്യയെ എയർ ഏഷ്യയുമായി ലയിപ്പിക്കാനുള്ള നീക്കവും നടന്നിരുന്നു. അങ്ങനെ വരുമ്പോൾ ജീവനക്കാരുടെ അലവൻസ് തീരുമാനിക്കുന്നത് സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ട്.

Tags:    
News Summary - More than 70 Air India services suspended; About 300 employees took sick leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.