ന്യൂഡൽഹി: ലോക്ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാൻ എല്ലാവരും തയാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാംഘട്ട ലോക്ഡൗൺ മെയ് 17ന് തീരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. ഗുരുതരമായ പ്രശ്നങ്ങളില്ലാത്ത ഇടങ്ങളിൽ മെയ് 17ന് ശേഷം ഇളവുകൾ വരുത്തുമെന്നാണ് സൂചന.
കോവിഡ് 19ന് മരുന്നുകളോ വാക്സിനോ കണ്ടുപിടിക്കുന്നതുവരെ സാമൂഹിക അകലം പാലിക്കുക എന്നതാണ് സുരക്ഷിതമായ മാർഗം. ലോകമഹാ യുദ്ധാനന്തരമെന്നതുപോലെ കോവിഡിന് മുൻപ്, കോവിഡിന് ശേഷം എന്നിങ്ങനെ ലോകം മാറി. രോഗവ്യാപനം കുറക്കുക, അതേസമയം ക്രമേണ പൊതുജനങ്ങളുടെ പ്രവർത്തനം വർധിപ്പിച്ചുകൊണ്ടുവരിക എന്നിങ്ങനെ രണ്ട് വെല്ലുവിളികളാണ് നമുക്ക് മുന്നിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
യോഗത്തിൽ ലോക് ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങൾ പോലും ഹോട്സ്പോട്ട് അല്ലാത്തയിടങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ ലോക്ഡൗൺ തുടരണമെന്ന നിലപാടാണ് അറിയിച്ചത്. പൊതുഗതാഗതം ആരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.
മെയ് 15ന് മുൻപ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന് അറിയിക്കണമെന്നും മോദി സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുമായി നടത്തിയ ആറാമത്തെ യോഗമാണ് തിങ്കളാഴ്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.