ധാർമികത പ്രസംഗിക്കലല്ല, നിയമവാഴ്ച ഉറപ്പാക്കലാണ് കോടതിയുടെ ഉത്തരവാദിത്തം -സുപ്രീംകോടതി

ന്യൂഡൽഹി: ധാർമികതയെ കുറിച്ചും നൈതികതയെ കുറിച്ചും സമൂഹത്തെ ഉദ്ബോധിപ്പിക്കാനുള്ള സ്ഥാപനമല്ല കോടതിയെന്നും മറിച്ച്, തീരുമാനമെടുക്കുമ്പോൾ അത് നിയമവാഴ്ചക്കു വിധേയമാണെന്ന് ഉറപ്പാക്കുകയെന്ന ബാധ്യതയാണുള്ളതെന്നും സുപ്രീംകോടതി. തമിഴ്നാട്ടിൽ രണ്ടു മക്കളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സ്ത്രീയുടെ ഹരജി അംഗീകരിച്ച് ശിക്ഷയിളവു നൽകി വിട്ടയക്കണമെന്ന് വിധിച്ചാണ് സുപ്രീംകോടതി ഇങ്ങനെ വിശദീകരിച്ചത്. 20 വർഷമായി ജയിലിലാണ് യുവതി.

കാമുകൻ സ്ഥിരമായി ഭീഷണിപ്പെടുത്തുന്നതിൽ മനംനൊന്ത് രണ്ട് മക്കൾക്കൊപ്പം ജീവനൊടുക്കാൻ ശ്രമിക്കവെ കുട്ടികൾ മരിക്കുകയായിരുന്നുവെന്നാണ് കേസ്. കുട്ടികൾക്ക് കീടനാശിനി നൽകി, യുവതി കഴിക്കാൻ ശ്രമിക്കവെ ബന്ധു തട്ടിമാറ്റുകയായിരുന്നു. ആ​ശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. തുടർന്ന് യുവതിക്കെതിരെ കൊലപാതകം, ആത്മഹത്യശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ നൽകുകയും ചെയ്തു. ഹൈകോടതി പിന്നീട് ആത്മഹത്യശ്രമക്കേസ് ഒഴിവാക്കി. രണ്ടു പതിറ്റാണ്ടായി ശിക്ഷ അനുഭവിക്കുന്ന യുവതിക്ക് ഇളവ് നൽകി വിട്ടയക്കണമെന്നുള്ള സംസ്ഥാനതല സമിതിയുടെ ശിപാർശ, സംസ്ഥാന സർക്കാർ തള്ളി. ക്രൂരതയാർന്ന കൊലപാതകം എന്നത് കണക്കിലെടുത്ത് വിട്ടയക്കാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്.

എന്നാൽ, തന്റെ ബന്ധം തുടർന്നുകൊണ്ടുപോകാനല്ല യുവതി തന്റെ കുട്ടികളെ കൊലപ്പെടുത്തിയതെന്നും കാമുകൻ സൃഷ്ടിച്ച നിരാശയും സമ്മർദവും കാരണം ചെയ്തുപോയതാണെന്നും സുപ്രീംകോടതി വിലയിരുത്തി.

‘‘സമൂഹത്തോട് ധാർമികത പ്രസംഗിക്കാനുള്ള സ്ഥാപനമല്ല മറിച്ച് നിയമവാഴ്ച ഉറപ്പാക്കാനുള്ളതാണ്. ക്രൂരമായ കുറ്റമെന്ന കള്ളിയിൽ ഇതി​നെ പെടുത്താൻ സാധിക്കില്ല. സ്വയം ജീവനൊടുക്കാൻ ശ്രമിച്ച അവർ ഒരു നിമിഷത്തെ സമയവ്യത്യാസം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.’’ -ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് വിശദീകരിച്ചു. വിധിയുടെ ​കരങ്ങളാൽ ഏറെ അനുഭവിക്കേണ്ടിവന്ന ഈ സ്ത്രീ ശിക്ഷ ഇളവിന് അർഹയാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

Tags:    
News Summary - Morality is not about preaching, it is about ensuring the rule of law Responsibility of Court -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.