ഡൽഹി കലാപം: വിദ്വേഷ പ്രസംഗത്തിന് എതിരായ ഹരജികൾ തള്ളി

ന്യൂഡൽഹി: ഡൽഹി കലാപത്തിന് വഴിവെച്ച രീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെ കേസെടുത്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളും പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ 2019ൽ ജാമിഅ മില്ലിയ ഇസ്‍ലാമിയയിൽ ഉണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്ന ഹരജിയും തള്ളി ഡൽഹി ഹൈകോടതി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ബി.ജെ.പി നേതാക്കളായ അനുരാഗ് ഠാക്കൂർ, കപിൽ മിശ്ര, പർവേശ് സാഹിബ് സിങ് വർമ എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗമാണ് കലാപത്തിലേക്ക് നയിച്ചതെന്നും കേസെടുക്കണമെന്നും എന്നാവശ്യപ്പെട്ടുള്ള ഹരജി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ, അസദുദ്ദീൻ ഉവൈസി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹരജി, കലാപത്തിൽ ഡൽഹി പൊലീസിന്റെ പങ്ക് അന്വേഷിക്കാൻ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് വൃന്ദ കാരാട്ട്, ജംഇയ്യതുൽ ഉലമായെ ഹിന്ദ് എന്നിവരുടെയും ഹരജികളാണ് തള്ളിയത്.

ജമ്മു-കശ്മീരിൽനിന്ന് 150 ബംഗ്ലാദേശികളെ നാടുകടത്തി

ശ്രീനഗർ: ജമ്മു-കശ്മീരിൽ അനധികൃതമായി താമസിച്ചുവന്ന 150 ബംഗ്ലാദേശ് പൗരന്മാരെ സർക്കാർ നാടുകടത്തി. ഇന്ത്യൻ വ്യാമസേനയുടെ വിമാനത്തിൽ ബാഗ്ഡോഗ്രയിലെത്തിച്ച ഇവരെ അതിർത്തി രക്ഷാസേനക്ക് കൈമാറിയതായി ശ്രീനഗർ പൊലീസ് അറിയിച്ചു. 150 പേരടങ്ങുന്ന മറ്റൊരു സംഘത്തെ ഒക്ടോബർ ഏഴിന് നാടുകടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ജലവിതരണ നിയന്ത്രണം

മുംബൈ: വരൾച്ചാ ആശങ്കയിൽ 16 മുതൽ കുടിവെള്ള വിതരണത്തിൽ 10 ശതമാനം കുറവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര. ജലവിതരണം നിയന്ത്രിക്കാൻ നഗരസഭകൾ മുതൽ ഗ്രാമ പഞ്ചായത്ത് വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. കുടിവെള്ളത്തിനാണ് പ്രാമുഖ്യം. അടുത്ത വർഷം ആഗസ്റ്റ് വരെയാണ് നിയന്ത്രണം.  

Tags:    
News Summary - Delhi riots hate speech pleas dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.