ന്യൂഡൽഹി: ആർ.എസ്.എസിന് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയില്ലെന്നും നയങ്ങളെയാണ് പിന്തുടരുന്നതെന്നും മോഹൻ ഭാഗവത്. ആർ.എസ്.എസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാറില്ല. രാമക്ഷേത്രത്തെ കോൺഗ്രസ് പിന്തുണച്ചിരുന്നുവെങ്കിൽ അവർക്ക് വോട്ട് ചെയ്യുമായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം വേണമെന്നതായിരുന്നു ആർ.എസ്.എസിന്റെ ആഗ്രഹം. ബി.ജെ.പി അത് നിറവേറ്റി. രാഷ്ട്രീയത്തെയല്ല, രാഷ്ട്രനീതിയെയാണ് പിന്തുണക്കുന്നത്. ആഗ്രഹിച്ച പാതയിൽ രാജ്യത്തെ വഴിനടത്തുന്നവരെ പിന്തുണക്കും. സമൂഹത്തെ ഒന്നിപ്പിക്കാനാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെന്നും അല്ലാതെ ഭിന്നിപ്പിക്കാനല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
മുസ്‍ലിംകൾക്ക് ആർ.എസ്.എസിൽ ചേരാൻ കഴിയുമോ എന്ന ചോദ്യത്തിനും ഭാഗവത് മറുപടി നൽകി.
മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും ബ്രാഹ്മണർക്കും ആർ.എസ്.എസിൽ അംഗത്വം നൽകില്ലെന്നും അധ്യക്ഷൻ വ്യക്തമാക്കി. മുസ്‍ലിംകളായാലും ക്രിസ്ത്യാനികളായാലും അവരുടെ വേർതിരിവുകൾ പുറത്തുവെച്ച് സംഘത്തിലേക്ക് വരാം. മുസ്‍ലിംകളും ക്രിസ്ത്യാനികളും ശാഖയിൽ വരുന്നുണ്ട്. എന്നാൽ അവരുടെ കണക്കെടുക്കുകയോ ആരാണെന്ന് ചോദിക്കുകയോ ചെയ്യാറില്ലെന്നും ഭാഗവത് പറഞ്ഞു.
സ്വാതന്ത്രാനന്തരം ഇന്ത്യയിലെ നിയമങ്ങൾ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നില്ല. അതുകൊണ്ടാണ് ആർ.എസ്.എസ് ഇപ്പോഴും രജിസ്റ്റർ ചെയ്യാത്തത്. ഭരണഘടന വിരുദ്ധരല്ലാത്തതിനാൽ രജിസ്ട്രേഷന്റെ ആവശ്യമില്ല. ഹിന്ദുമതവും രജിസ്റ്റർ ചെയ്തിട്ടില്ല. വ്യക്തികളുടെ കൂട്ടായ്മയാണ് ആർ.എസ്.എസ്. മൂന്നുതവണ തങ്ങളെ നിരോധിച്ചു. ഓരോ തവണയും കോടതി നിരോധനം തള്ളി.
1925ലാണ് ആർ.എസ്.എസ് തുടങ്ങിയത്. ബ്രിട്ടീഷ് ഭരണകാലമായതിനാൽ രജിസ്റ്റർ ചെയ്തില്ല. എതിർക്കുംതോറും ശക്തിപ്പെടുന്ന സംഘടനയാണ് ആർ.എസ്.എസ് എന്നും ഭാഗവത് കൂട്ടിച്ചേർത്തു.
മല്ലികാർജുൻ ഖാർഗെ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ആർ.എസ്.എസിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ആർ.എസ്.എസിനെ നിരോധിക്കണമെന്നാണ് ഖാർഗെ ആവശ്യപ്പെട്ടത്. ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും ആർ.എസ്.എസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.