മുഹമ്മദ് അസറുദ്ദീൻ തെലങ്കാന പി.സി.സി വർക്കിങ് പ്രസിഡന്‍റ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുൻ എം.പി‍യുമായ മുഹമ്മദ് അസറുദ്ദീനെ തെലങ്കാന പി.സി.സി വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് അസറുദ്ദീനെ നാമനിർദേശം ചെയ്തത്. ഹൈക്കമാൻഡ് തീരുമാനം എ.ഐ.സി.സി ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് ആണ് വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മറ്റ് ഭാരവാഹികളുടെയും പേരുകൾ ഹൈക്കമാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എം. വിനോദ് കുമാർ, ജാഫർ ജാവേദ് എന്നിവരെ പി.സി.സി വൈസ് പ്രസിഡന്‍റുമാരായി നിയമിച്ചു. എട്ട് ജനറൽ സെക്രട്ടറിമാരെയും നാല് സെക്രട്ടറിമാരെയും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.

2009ലാണ് അസ്ഹർ കോൺഗ്രസിൽ ചേർന്നത്. അതേവർഷം തന്നെ മൊറാദാബാദ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് കന്നിയംഗമായി ലോക്സഭയിലെത്തി. 2014ൽ രാജസ്ഥാനിലെ ടൊങ്ക്-സാവൈ മാദോപുർ മണ്ഡലത്തിൽ നിന്ന് മൽസരിച്ചിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിലെ സെക്കന്ദരാബാദ് മണ്ഡലത്തിൽ നിന്ന് മൽസരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

ഹൈദരാബാദ് സ്വദേശിയായ അദ്ദേഹം 1989ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായത്. 47 ടെസ്റ്റ് മൽസരങ്ങളിലും 174 ഏകദിന മൽസരങ്ങളിലും ടീമിനെ നയിച്ച അസ്ഹർ, 90 ഏകദിനത്തിൽ വിജയം വരിച്ചു.

ഡിസംബർ ഏഴിനാണ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

Tags:    
News Summary - Mohammed Azharuddin Telangana PCC Working President -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.