കേസുമായി ബന്ധപ്പെട്ട് ആന്ദ്ര പൊലീസ് സംസാരിക്കുന്നു
അനന്തപൂർ: കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിക്കുന്ന വസ്തുക്കൾ ഒരോ കേസിനും നിർണായക തെളിവാകാറുണ്ട്. എന്നാൽ, സംഭവ സ്ഥലത്തുനിന്ന് ലഭിച്ച വിചിത്ര തെളിവായ കരിഞ്ഞ പപ്പടക്കവർ ഒരു കൊലപാതകത്തിന്റെ തന്നെ ചുരുളഴിച്ച അന്വേഷണത്തിന്റെ വാർത്തയാണ് ആന്ധ്രാപ്രദേശിൽനിന്ന് വരുന്നത്. കർണാടകയിലെ ബല്ലാരിയിലെ പപ്പട വ്യാപാരി ഗുരുരാജു റാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് സഹപ്രവർത്തകരായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഭിന്നശേഷിക്കാരായ പ്രതികളെ പിടിക്കൂടാൻ പൊലീസിനെ സഹായകമായതാവട്ടെ ഒരു കരിഞ്ഞ പപ്പടക്കവറും.
കഴിഞ്ഞ ജൂൺ 23നാണ് അനന്തപൂർ ജില്ലയിലെ പുലാകുർത്തി ഗ്രാമത്തിനടുത്തുള്ള ആളൊഴിഞ്ഞ കൃഷിയിടത്തിൽ പൂർണമായും കരിഞ്ഞുണങ്ങിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട നിലയിലായിരുന്നതിനാൽ പൊലീസിന് പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. മൃതദേഹത്തിന് സമീപത്തുനിന്ന് പകുതി കരിഞ്ഞ ഒരു കന്നഡ ദിനപത്രം, വസ്ത്രഭാഗങ്ങൾ, പൂണൂൽ, പകുതി കരിഞ്ഞ ഒരു പപ്പടക്കവർ എന്നിവ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ച ആകെയുള്ള തെളിവുകൾ.
കേസ് അന്വേഷണത്തിൽ നിർണായകമായത് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത പപ്പടക്കവറാണ്. കവറിൽ രേഖപ്പെടുത്തിയിരുന്ന വിലാസം കേന്ദ്രീകരിച്ച് ആന്ധ്ര പൊലീസ് നടത്തിയ അന്വേഷണം പപ്പടത്തിന്റെ നിർമാതാക്കളിലേക്കും പിന്നീട് ചെന്നൈയിൽനിന്നും ബല്ലാരിയിലേക്കുമുള്ള വിതരണ ശൃംഖലയിലേക്കും വഴിതുറക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബല്ലാരിയിലെ പ്രമുഖ പപ്പട വ്യാപാരിയായ ഗുരുരാജു റാവുവിനെ കാണാനില്ലെന്ന വിവരം പൊലീസ് അറിയുന്നതും കൊലക്കിരയായത് അയാളാണെന്ന് സ്ഥിരീകരിക്കുന്നതും.
കൊലപാതകത്തിന് ശേഷവും ഇരയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. തുടർന്ന് എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരം ലഭിക്കുന്നത്. എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്നതിനിടയിൽ പ്രതികൾ ആംഗ്യഭാഷയിൽ പരസ്പരം സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സാങ്കേതിക തെളിവുകളുടെയും ഫോൺ കോൺ റെക്കോഡുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിൽ ഒബുലാപുരം ക്രോസിൽ വെച്ച് പ്രതികളെ പൊലീസ് പിടിക്കൂടി.
കൊല്ലപ്പെട്ട ഗുരുരാജു റാവുവിന് ബിസിനസ്സിലൂടെയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെയും വൻ സമ്പാദ്യമുണ്ടെന്ന ധാരണയിലാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ജനവാസമില്ലാത്ത തോട്ടത്തിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം തീയിടുകയാണ് പ്രതികൾ ചെയ്തത്. സംസാരിക്കാനും കേൾക്കാനും ശേഷിയില്ലാത്ത പ്രതികളെ ചോദ്യം ചെയ്യാൻ പൊലീസ് ആംഗ്യഭാഷ വിദഗ്ധരുടെ സഹായം തേടി. വിദഗ്ധരുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പിന്നീട് ഇവരിൽ നിന്ന് കൊല്ലപ്പെട്ടയാളുടെ ബൈക്കും മൊബൈൽ ഫോണും പപ്പടക്കെട്ടുകളും പൊലീസ് കണ്ടെടുക്കുകയായിരുന്നു. തെളിവുകളൊന്നുമില്ലാതിരുന്ന ഒരു കൊലപാതകക്കേസ് കേവലമൊരു ചെറ്യ തെളിവിന്റെ അടിസ്ഥാനത്തിൽ തെളിയിച്ചെടുത്ത ആന്ധ്ര പൊലീസിന് അഭിനന്ദനപ്രവാഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.