ഛണ്ഡീഗഡ്: പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിന്‍റെ 'യുദ്ധ് നശേൻ വിരുദ്ധ്' ക്യാമ്പെയ്‌നിന്‍റെ ഭാഗമായി, 10,000-ത്തിലധികം ലഹരിമരുന്ന് അടിമകൾക്ക് നിയമനടപടികളിൽ നിന്ന് സർക്കാർ ഇളവ് നൽകി. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് നിയമത്തിലെ 64A വകുപ്പ് പ്രകാരമാണ് ഇവർക്ക് ശിക്ഷാ നടപടികളിൽ നിന്ന് ഇളവ് നൽകിയത്. മോചിതരായവരെ സർക്കാർ നടത്തുന്ന ലഹരി വിമുക്തി കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
2025 മാർച്ച് 1 മുതൽ 2026 ജൂലൈ 6 വരെയുള്ള കാലയളവിൽ ലഹരിമരുന്ന് ഉപയോഗിച്ചതിനോ ചെറിയ അളവിൽ കൈവശം വെച്ചതിനോ പിടിക്കപ്പെട്ട 10,656 പേരാണ് ജയിൽ ശിക്ഷക്ക് പകരം ചികിത്സ തെരഞ്ഞെടുത്ത് നിയമനടപടികളിൽ നിന്ന് ഒഴിവായത്. ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനൊപ്പം ലഹരി അടിമത്തത്തെ ഒരു പൊതുജനാരോഗ്യ പ്രശ്നമായി കണ്ട് ചികിത്സ നൽകുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമാണ് ഇളവ് നൽകിയത്. ഇതേ കാലയളവിൽ 51,516 കേസുകൾ രജിസ്റ്റർ ചെയ്യുകയും ലഹരി കടത്തിയ 67,519 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സ്വന്തം ഇഷ്ടപ്രകാരം ലഹരി വിമുക്തി ചികിത്സക്ക് വിധേയരാകുന്നവർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് എൻ.ഡി.പി.എസ് നിയമത്തിലെ 64A വകുപ്പിന്‍റെ ലക്ഷ്യം. ഓരോ വ്യക്തിക്കും കൃത്യമായ വൈദ്യപരിശോധനക്ക് ശേഷം ഡീടോക്സിക്കേഷൻ, മാനസികാരോഗ്യ ചികിത്സ, കൗൺസിലിങ്, ബിഹേവിയറൽ തെറാപ്പി തുടങ്ങിയവ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല, മറിച്ച് ചികിത്സ ആവശ്യമുള്ള രോഗികളായിട്ടാണ് കാണുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.