പ്രതീകാത്മകചിത്രം
പട്ന: ഓവർഹെഡ് ഇലക്ട്രിക് ലൈൻ മോഷണം പോയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ബിഹാറിലെ ഗയ-പട്ന റെയിൽവേ സെക്ഷനിലാണ് സംഭവം. റെയിൽപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന 25,000 വോൾട്ട് ശേഷിയുള്ള ഏകദേശം 100 മീറ്ററോളം വരുന്ന വൈദ്യുത കമ്പിയാണ് മോഷ്ടാക്കൾ മുറിച്ച് കടത്തിക്കൊണ്ടുപോയത്. തെഹ്ത, ജെഹാനാബാദ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് മോഷണം നടന്നത്.
വ്യാഴാഴ്ച പുലർച്ച 3.05 ഓടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ സരസ്വതി ചന്ദ്ര അറിയിച്ചു. പ്രധാന ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഈ റൂട്ടിലോടുന്ന ഡൗൺ ട്രെയിനുകൾ സിംഗ്ൾ ലൈൻ വഴിയാണ് സർവിസ് നടത്തിയത്. ഇത് പുലർച്ചയുള്ള ട്രെയിൻ സർവിസുകളെ സാരമായി ബാധിച്ചു. തുടർന്ന് റെയിൽവേ ജീവനക്കാരെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയായിരുന്നു. രാവിലെ 6.26 ഓടെയാണ് ഈ സെക്ഷൻ ഗതാഗതയോഗ്യമാക്കിയത്. മൂന്ന് മണിക്കൂറിലധികം സമയമെടുത്താണ് റെയിൽവേ അധികൃതർ ഒ.എച്ച്.ഇ വയർ പുനഃസ്ഥാപിച്ചത്.
സംഭവത്തിന് പിന്നാലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ തിരച്ചിലിൽ മോഷണം പോയ വൈദ്യുത കമ്പികൾ കണ്ടെടുത്തു. റെയിൽവേയുടെ അതീവ സുരക്ഷ മേഖലയിൽ കടന്നുകയറി മോഷണം നടത്തിയ പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ആർ.പി.എഫ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.