ബിങ്സൺ ജോണ്‍

ചാൾസ് ശോഭരാജ് പ്രചോദനം, ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണമടക്കാതെ ​മുങ്ങും; 30 വർഷം 300ഓളം തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്തെ വിവിധ നഗരങ്ങളിലായി ആഡംബര ഹോട്ടലുകളിൽ താമസിച്ച് ബിൽ അടക്കാതെ മുങ്ങിയ തമിഴ്നാട് സ്വദേശി ഒടുവിൽ പിടിയിൽ. തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ ബിങ്സൺ ജോണ്‍ എന്ന 69കാരനാണ് പിടിയിലായത്. 30 വര്‍ഷത്തോളമായി ഇയാള്‍ 300ലധികം ആഡംബര ഹോട്ടലുകളില്‍ താമസിച്ച് പണമടക്കാതെ മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിദേശ ടൂറിസ്റ്റ് ​​ഗൈഡ്, ഇംഗ്ലീഷ് അധ്യാപകൻ, യോഗ പരിശീലകൻ തുടങ്ങിയ വേഷങ്ങളിലാണ് ഇയാൾ ആഡംബര ഹോട്ടലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. തുടർന്ന് ഇയാൾ ദിവസ​ങ്ങളോളം അവിടെ താമസിച്ച ശേഷം പണമടക്കാതെ മുങ്ങുകയായിരുന്നു പതിവ് രീതി. ചിലപ്പോൾ ഹോട്ടലുകളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചിരുന്നതായും പൊലീസ് പറയുന്നു.

റായ്പൂരിലെ ഹയാത്ത് ഹോട്ടലിൽ രണ്ട് ദിവസം താമസിച്ചശേഷം 63,755 രൂപയുടെ ബിൽ അടക്കാതെ ഇയാൾ മുങ്ങിയിരുന്നു. കൂടാതെ അവിടെനിന്ന് 1.48 ലക്ഷം രൂപ വില വരുന്ന ലാപ്ടോപ്പും ഇയാൾ മോഷ്ടിച്ചു. വൃത്തിയുള്ള വസ്ത്രം ധരിച്ച് സമ്പന്ന അതിഥിയെപോലെയാണ് ഇയാൾ ഹോട്ടലിലെത്തിയത്. ജീവനക്കാരോട് മാന്യമായ പെരുമാറ്റം ആയിരുന്നതിനാൽ മുൻകൂറായി പണവും ആവശ്യപ്പെട്ടില്ലായിരുന്നു. തുടർന്ന് ഇയാൾ പണം നൽകാതെ മുങ്ങുകയായിരുന്നു.

ഹോട്ടൽ അധികൃതർ നൽകിയ പരാതിയിൽ തെലിബന്ധ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അ​ന്വേഷണം ആരംഭിച്ചു. ആന്റി ക്രൈമും സൈബർ യൂണിറ്റും നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ​മൊബൈൽ ഫോൺ രേഖകളും മറ്റ് സോങ്കതിക തെളിവുകളുടെയും പരിശോധിക്കുകയും ഇയാൾ ഒഡീഷയിലെ ഭുവനേശ്വറിലുണ്ടെന്ന് ക​ണ്ടെത്തുകയായിരുന്നു. തുടർന്ന് 72 മണിക്കൂറിനുള്ളിൽ റായ്പുർ പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽനിന്ന് മോഷ്ടിച്ച ലാപ്ടോപ്പും പൊലീസ് കണ്ടെടുത്തു. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ​വിട്ടു.

1990മുതൽ രാജ്യത്തുടനീളമുള്ള 300ലധികം ആഡംബര ഹോട്ടലുകളിൽ ഇതേ രീതി ഇയാൾ പിന്തുടർന്നിരുന്നതായി ​പൊലീസ് പറഞ്ഞു. 2022ൽ തിരുവനന്തപുരത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് പണമടക്കാതെ മുങ്ങിയതിനെ തുടർന്ന് ഇയാളെ ​അറസ്റ്റ് ചെയ്തിരുന്നു. 1996ലാണ് ഇയാൾ ആദ്യം അറസ്റ്റിലാകുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, തെലങ്കാന, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലടക്കം നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു.

1980കളിൽ ഡൽഹിയിൽ ഇയാൾ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി വിനോദസഞ്ചാരികളോടൊപ്പം പല ഹോട്ടലുകളിലും സൗജന്യമായി താമസിച്ചു. ഒരിക്കൽ ഒരു ആഡംബര ഹോട്ടലിലെ ജീവനക്കാർ തന്നെ അപമാനിച്ചതായും അന്നുമുതലാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾ ലക്ഷ്യമിട്ട് തട്ടിപ്പുകൾ ആരംഭിച്ചതെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കൂടാതെ തിഹാർ ജയിലിൽ കഴിയുമ്പോൾ കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിന്റെ കഥകൾ തന്നെ സ്വാധീനിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഹോട്ടലുകളിൽ മുറി എടുക്കാനായി ചാൾസ് ശോഭരാജി​നെപ്പോലെ വ്യാജ ഐഡന്റിറ്റികൾ സ്വീകരിച്ചിരുന്നു.

ഒന്നിലേറെ ബാഗുകളുമായി ഹോട്ടലിലെത്തുന്ന ഇയാള്‍ മുങ്ങുമ്പോള്‍ കടലാസുകൾ കുത്തിനിറച്ച ബാഗ് അവിടെ ഉപേക്ഷിക്കും. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇയാള്‍ ഇവിടെ താമസം തുടരുന്നുണ്ടെന്ന് കരുതും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആളെ കാണാതാകുമ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുക. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ​പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Man lived over 300 luxury hotels but never paid Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.