ന്യൂഡല്‍ഹി: നോട്ട് ദുരിതത്തിന് പരിഹാരം കാണാന്‍ സ്വയം പ്രഖ്യാപിച്ച 50 ദിനത്തിനു ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടി.വി പ്രസംഗം 125 കോടി ജനത്തിന് നല്‍കുന്നത് നിരാശ. അക്കൗണ്ടിലുള്ള സ്വന്തം പണം എപ്പോള്‍ ആവശ്യത്തിന് എടുക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. നോട്ടിനായി ബാങ്കിലും എ.ടി.എമ്മിലും വരിനിന്ന് തളര്‍ന്നവരുടെ ‘ത്യാഗവും സഹനവും’ എടുത്തുപറഞ്ഞെങ്കിലും ഈ ദുരിതത്തിന് എന്ന് അറുതിയാകുമെന്ന് പ്രധാനമന്ത്രിക്ക് പറയാനായില്ല. നോട്ട് നിരോധനം കാരണം മാന്ദ്യത്തിലേക്ക് നീങ്ങുന്ന സമ്പദ്വ്യവസ്ഥക്ക് ഊര്‍ജം നല്‍കാന്‍ പോന്ന പ്രഖ്യാപനങ്ങളും ഉണ്ടായില്ല.
ബജറ്റ് പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു മോദിയുടെ പുതിയ പ്രഖ്യാപനങ്ങള്‍. ചെറിയ പലിശക്ക് ഭവനവായ്പ, കാര്‍ഷിക വായ്പക്ക് പലിശയിളവ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമ പദ്ധതി തുടങ്ങിയവ ഫെബ്രുവരി ഒന്നിന് അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കാനുള്ള കേന്ദ്ര ബജറ്റില്‍ വരാനിരിക്കുന്ന പദ്ധതികളാണ്. അവ മുന്‍കൂട്ടി പ്രഖ്യാപിച്ചത് നോട്ട് നിരോധനത്തിന്‍െറ ചൂടറിഞ്ഞ ജനത്തെ തണുപ്പിക്കാനാണ്. ഈ പദ്ധതികളുടെ ഗുണം എല്ലാവര്‍ക്കുമില്ല. ഭവനവായ്പ, കാര്‍ഷിക പലിശ വായ്പ ഇളവ് വായ്പ എടുക്കുന്നവര്‍ക്കു മാത്രമുള്ളതാണ്. ഗര്‍ഭിണികള്‍ക്കുള്ള ധനസഹായം നോട്ട് ക്ഷാമത്തില്‍ അടുക്കള പുകയാതിരുന്ന സ്ത്രീകളെ പാട്ടിലാക്കാന്‍ ലക്ഷ്യമിട്ടാണ്.
മറുപടിയില്ലാത്ത വിഷയങ്ങളില്‍ മൗനം, ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള വലിയ സ്വപ്നം, നോട്ടുദുരിതം കാര്യമായി ബാധിച്ച കര്‍ഷകര്‍, ഗ്രാമീണര്‍, ചെറുകിട-ഇടത്തരം വ്യാപാരികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ചില്ലറ പദ്ധതികള്‍ -ഒറ്റനോട്ടത്തില്‍ മോദിയുടെ രണ്ടാം ടി.വി പ്രസംഗം ഇത്രയുമാണ്. വലിയ വീടും കാറുമുള്ളവര്‍ പോലും വരുമാനം 10 ലക്ഷത്തില്‍ കുറവാണെന്നു പറഞ്ഞ് നികുതി വെട്ടിക്കുന്നുവെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞത് ബോധപൂര്‍വമാണ്.
നോട്ട് നിരോധനത്തിന്‍െറ തുടര്‍ച്ചയായി വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചവരെയും മോദി നിരാശരാക്കി. കള്ളപ്പണം വലിയ തോതില്‍ നിക്ഷേപിക്കപ്പെട്ട ബിനാമി സ്വത്ത് പിടിച്ചെടുക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഇക്കുറിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതേക്കുറിച്ചൊന്നും മോദി പറഞ്ഞില്ല. നോട്ട് പ്രതിസന്ധിയില്‍ കാര്‍ഷിക വില ഇടിഞ്ഞതിന്‍െറ ദുരിതത്തിലാണ് കര്‍ഷകര്‍. നോട്ട് നിരോധത്തിനു ശേഷമുള്ള റാബി വിളവെടുപ്പ് ആറു ശതമാനം കൂടിയെന്നും കാര്‍ഷിക മേഖലക്ക് ഒരു കുഴപ്പവുമില്ളെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും ഉന്നയിച്ച പരാതികളും ആവശ്യങ്ങളും പ്രധാനമന്ത്രി പാടേ അവഗണിച്ചു.
അസാധുനോട്ട് മുഴുവന്‍ ബാങ്കുകളിലേക്ക് തിരിച്ചത്തെിയത് കള്ളപ്പണവേട്ട പൊളിഞ്ഞതിന് തെളിവാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാണിച്ചത്. എന്നാല്‍, പണം മുഴുവന്‍ വന്നത് ബാങ്കുകളുടെ ഖജനാവ് നിറച്ചുവെന്നും അത് നേട്ടമാണെന്നുമാണ് മോദി അവകാശപ്പെട്ടത്. അസാധുനോട്ടിന് പകരം എത്ര നോട്ടുകള്‍ അച്ചടിച്ചു നല്‍കിയെന്ന ചോദ്യത്തോടും പ്രധാനമന്ത്രി പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.