നരേന്ദ്ര മോദി
ന്യൂഡൽഹി: ജപ്പാൻ, ചൈന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് വൈകീട്ട് പുറപ്പെടും. ആദ്യം ജപ്പാനിലേക്ക് പോകുന്ന പ്രധാനമന്ത്രി ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നുവരെ നടക്കുന്ന ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ചൈനയിലേക്ക് പോകുന്നത്. 2020ലെ ഗൽവാൻ താഴ്‌വര സംഘർഷത്തിനുശേഷം ചൈനയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.
20,30 തീയതികളിൽ നടക്കുന്ന 15ാമത് ജപ്പാൻ - ഇന്ത്യ ഉച്ചകോടിയിൽ മോദി സംബന്ധിക്കുമെന്ന് വിദേശ സെക്രട്ടറി വിക്രം മിസ്‍രി പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഷിഗേറു ഇഷിഗയുമൊത്തുള്ള മോദിയുടെ പ്രഥമ ഉച്ചകോടിയാണിത്. 2014ൽ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ എട്ടാമത്തെ ജപ്പാൻ സന്ദർശനം കൂടിയാണിത്. സന്ദർശന വേളയിൽ, പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവയുൾപ്പെടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഇരു പ്രധാനമന്ത്രിമാരും അവലോകനം ചെയ്യും.
ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെ ടിയാൻജിനിലെത്തും. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈന സന്ദർശിച്ചിരുന്നു. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി മോദി ചര്‍ച്ച നടത്തിയേക്കും.
കഴിഞ്ഞ വര്‍ഷം കസാനില്‍ ബ്രിക്സ് ഉച്ചകോടിക്കിടെയാണ് അവസാനമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് 50 ശതമാനം താരിഫ് നടപ്പാക്കിയ യു.എസ് നടപടിയും എസ്.സി.ഒ ചര്‍ച്ച ചെയ്തേക്കും. ഡോണൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള സമയത്താണ് പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.