ന്യൂഡല്‍ഹി: 11 വർഷം പൂർത്തിയാക്കി നരേന്ദ്ര മോദി സർക്കാർ. തിങ്കളാഴ്ച മൂന്നാം മോദി സർക്കാറിന് ഒരു വർഷം പൂർത്തിയാകും. 2024 ജൂൺ ഒമ്പതിനാണ് തുടർച്ചയായി മൂന്നാമതും അധികാരത്തിൽ എത്തിയ നരേന്ദ്ര മോദിയുടെ നേതൃത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
11 വർഷത്തെ ഭരണത്തിൽ സ്ത്രീകൾ നയിക്കുന്ന വികസനത്തെ പുനർനിർവചിച്ചുവെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ശാസ്ത്രം, വിദ്യാഭ്യാസം, കായികം, സ്റ്റാർട്ടപ്പുകൾ, സായുധ സേനകൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകൾ മികവ് പുലർത്തുകയും നിരവധി പേരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. വിവിധ സംരംഭങ്ങൾ വഴി സ്ത്രീകളെ ശാക്തീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം ഈ 11 വർഷങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും പുരോഗമനപരവും സുസ്ഥിരവുമായ വികസനം കൊണ്ടുവരുന്നതിനാണ് സമർപ്പിച്ചിരിക്കുന്നതെന്ന് 11 വർഷത്തെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ പുറത്തിറക്കിയ ഈ പുസ്തകത്തിൽ വ്യക്തമാക്കി.
എല്ലാ പൗരന്മാർക്കും തുല്യതയും അവസരവും സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. അതേസമയം, അധികാരത്തിലെത്തി 11 വർഷമായിട്ടും പ്രധാനമന്ത്രി മാധ്യമപ്രവർത്തകരെ അഭിമുഖീകരിക്കാത്തതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തുവന്നു.
ലോകത്തിലെ എല്ലാ സർക്കാർ തലവന്മാരും ഇടക്കിടെ വാർത്തസമ്മേളനങ്ങൾ നടത്താറുണ്ടെന്നും എന്നാൽ, നമ്മുടെ പ്രധാനമന്ത്രി 11 വർഷമായിട്ടും നടത്തിയിട്ടില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമ ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതിനെല്ലാം തിരക്കഥ എഴുതുന്നതും സംവിധാനം ചെയ്യുന്നതും നിർമിക്കുന്നതും പ്രധാനമന്ത്രിതന്നെയെന്ന് അദ്ദേഹം പരിഹസിച്ചു.
ഇത്തരം ഒരു മാധ്യമ ഇടപെടലിലാണ് അദ്ദേഹം തന്റെ ജനനം ജൈവികമായുണ്ടായതല്ല എന്ന് അവകാശപ്പെട്ടത്. യഥാർഥമായ വാർത്തസമ്മേളനം നടത്താനുള്ള ധൈര്യം ഒരിക്കലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.