100, 50നോട്ടുകളുടെ മൂല്യം കൂടിയതുപോലെ പാവപ്പെട്ടവരുടെ വിലയും കൂടി: മോദി

ദീസ (ഗുജറാത്ത്): മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ നേരിടുന്ന പ്രയാസങ്ങള്‍  50 ദിവസം കഴിയുന്നതോടെ  പതുക്കെ സാധാരണനിലയിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന ദിവസങ്ങള്‍ കടുപ്പമേറിയതായിരിക്കുമെന്ന്  മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം എല്ലാം  സാധാരണനിലയിലാകുമെന്ന പ്രതീക്ഷ ആവര്‍ത്തിച്ചു. ഗുജറാത്തിലെ ബനാസ്കന്ത  ജില്ലയില്‍ 350 കോടിയുടെ പാലുല്‍പന്ന പ്ളാന്‍റിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചശേഷം റാലിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ലോക്സഭ തുടര്‍ച്ചയായി സ്തംഭിപ്പിച്ചുകൊണ്ട്  പ്രതിപക്ഷം  സംസാരിക്കാന്‍ അനുവദിക്കുന്നില്ല. അവര്‍ തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് താന്‍ ‘ജനസഭ’യില്‍ പ്രസംഗിക്കാന്‍ നിര്‍ബന്ധിതനാകുന്നത്.  നോട്ട് നിരോധനം ഒരു സാധാരണ തീരുമാനമല്ളെന്ന് ഞാന്‍ തുടക്കത്തിലേ പറഞ്ഞതാണ്. തികച്ചും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ് അത്.  ഞെരുക്കവും പ്രശ്നങ്ങളും തീര്‍ച്ചയായും  നേരിടേണ്ടിവരും. 50 ദിവസങ്ങള്‍ ദുരിതംതന്നെയായിരിക്കും ഉണ്ടാവുക. കഷ്ടപ്പാടുകള്‍ വര്‍ധിച്ചെന്നുവരാം. പക്ഷേ, അതിനുശേഷം എന്തായിരിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ പതുക്കെ സാധാരണനിലയിലേക്ക് തിരിയും’’ -മുന്തിയ നോട്ടുകള്‍ നിരോധിച്ചതോടെ ജനങ്ങളും ബാങ്കുകളും അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളുടെയും വിവിധ കോണുകളില്‍നിന്നുയരുന്ന കടുത്ത പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലായിന്നു മോദിയുടെ വാക്കുകള്‍.

ലോക്സഭ സമ്മേളനം  തടസ്സപ്പെടുത്തുന്ന   പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമാണ് മോദി ഉന്നയിച്ചത്. അവരുടെ നടപടികളില്‍ സഭാധ്യക്ഷന്‍ അസംതൃപ്തയാണെന്നും മോദി പറഞ്ഞു. നോട്ട് നിരോധനത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടും പാര്‍ലമെന്‍റ് നടപടികള്‍ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നത് തന്നെ അദ്ഭുതപ്പെടുത്തുകയാണ്. ലോക്സഭയില്‍ പ്രസംഗിക്കാന്‍ എപ്പോള്‍ അവസരം കിട്ടിയാലും  താന്‍ 120 കോടി ജനങ്ങളുടെ ശബ്ദം  അവിടെ  ഉയര്‍ത്തും.

തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരും ജനങ്ങള്‍ക്കു വേണ്ടിയെന്ന് പറഞ്ഞ് മുറവിളികൂട്ടുന്നവരും ഒരിക്കലും ക്യൂ നില്‍ക്കുന്നില്ല. അവര്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ബാങ്കിങ്ങാണ്.  പ്രതിപക്ഷം തയാറായാല്‍ ഏതു സമയവും ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍, സംവാദത്തിന് നില്‍ക്കാതെ അവര്‍ ഒളിച്ചോടുകയാണ്.  അവരുടെ നുണകള്‍ പുറത്തുചാടുമെന്ന് അവര്‍ക്കറിയാം.

നോട്ട് നിരോധനത്തിന്  അനുകൂലമാണ്  ജനങ്ങളെന്ന യാഥാര്‍ഥ്യം പ്രതിപക്ഷത്തിനും അറിയാം. വളരെ കൃത്യമായി ഇതു നടപ്പാക്കണമെന്നാണ് എല്ലാവരും  പറയുന്നത്. നോട്ട് നിരോധനം ഭീകരതയുടെ  വേരറുക്കും.  അഴിമതിയും കള്ളനോട്ടും ഇല്ലാതാക്കും -മോദി പറഞ്ഞു. ഭീകരവാദികളുടെയും നക്സലിസത്തിന്‍െറയും നട്ടെല്ലാണ് നിരോധനം തകര്‍ത്തുകളഞ്ഞത്. സാധാരണ ജനങ്ങള്‍ക്കുവേണ്ടിയാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്നും മോദി പറഞ്ഞു.

Tags:    
News Summary - modi against balack money in deesa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.