'ആധുനിക കാലത്തെ ജിന്ന'; രാഹുലിനെ വിമർശിച്ച് അസം മുഖ്യമന്ത്രി

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ 'ആധുനിക കാലത്തെ ജിന്ന'യെന്ന് വിശേഷിപ്പിച്ച്  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാകിസ്താൻ പ്രദേശത്ത് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്‍റെ തെളിവ് ചോദിച്ചതിന് കഴിഞ്ഞ ദിവസം രാഹുലിനെ ശർമ്മ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ വിമർശിച്ച് വീണ്ടും അദ്ദേഹം രംഗത്തെത്തിയത്.

നിങ്ങൾ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ, അല്ലയോ എന്ന് ഞങ്ങൾ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന് ഉത്തരാഖണ്ഡിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ ഹിമന്ത പറഞ്ഞിരുന്നു. ഇന്ന് വീണ്ടും രാഹുൽ ഗാന്ധിയെ വിമർശിച്ച അദ്ദേഹം, പാകിസ്താൻ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയോടെയണ് ഉപമിച്ചത്.

രാഹുലിന്‍റെ ഭാഷയും വാചാടോപവും 1947നു മുമ്പുള്ള ജിന്നയുടേതിന് സമാനമാണ്. ഈ അർഥത്തിലാണ് രാഹുൽ ഗാന്ധി ആധുനിക കാലത്തെ ജിന്നയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിന്നയുടെ പ്രേതം രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ പ്രവേശിച്ചത് പോലെയാണ് പാർലമെന്‍റിൽ ബി.ജെ.പിക്കെതിരായി അദ്ദേഹം കഴിഞ്ഞദിവസങ്ങളിൽ നടത്തിയിട്ടുള്ള സമീപകാല പ്രസംഗങ്ങളെന്ന് ശർമ്മ ആരോപിച്ചു.

ശത്രു പ്രദേശത്ത് എന്തെങ്കിലും നടപടിക്ക് പോകുന്നതിന് മുമ്പ് സൈനികർ ഒരു മാസത്തിന് മുമ്പേ ആസൂത്രണം തുടങ്ങുമെന്നും, ഇത് തന്ത്രപരമായ നടപടികളാണെന്നും, ഓപ്പറേഷന് ശേഷം പത്രക്കുറിപ്പ് പുറപ്പെടുവിച്ചതിന് ശേഷം മാത്രമാണ് അതിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവരും അറിയുന്നതെന്നും ശർമ്മ പറഞ്ഞു. ആക്രമണത്തിന്‍റെ തെളിവ് ചോദിച്ചെത്തുന്നവർ സൈനികർ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിക്കണം.

ട്വിറ്ററിലും മറ്റുമായി കോൺഗ്രസ് നടത്തി കൊണ്ടിരിക്കുന്ന വിമർശനങ്ങളുടെ യഥാർഥ ലക്ഷ്യം വ്യക്തമാക്കാനാണ് താൻ ശ്രമിച്ചതെന്ന് പറഞ്ഞ ശർമ്മ, അത് ജനങ്ങൾക്ക് മനസ്സിലായെന്നും, ഇനി കോൺഗ്രസ് പാർട്ടി സൈന്യത്തോട് തെളിവ് ചോദിച്ചെത്തില്ലെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - "Modern Day Jinnah": Assam Chief Minister Escalates Attack On Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.