ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമിറങ്ങിയെന്ന വ്യാജ വാട്സ്ആപ് സന്ദേശങ്ങൾ രാജ്യത്ത് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കിടെ കർണാടകയിൽ വീണ്ടും ജനം യുവാവിനെ അടിച്ചുകൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നാരോപിച്ച് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസമിനെയാണ് (26) ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച കർണാടകയിലെ ബിദർ ജില്ലയിലെ മുർകിയിലാണ് സംഭവം. തൽഹ ഇസ്മായിൽ, മുഹമ്മദ് സൽമാൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അസം, തൽഹ ഇസ്മായിൽ, മുഹമ്മദ് സൽമാൻ എന്നിവർ സുഹൃത്തായ മുഹമ്മദ് ബഷീറിെൻറ ഹന്ദികേരയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.
ഹന്ദികേരയിലേക്ക് വരുന്നതിനിടെ ഭക്ഷണം കഴിക്കാനായി ബാൽകുടിൽ വാഹനം നിർത്തിയിരുന്നു. ഖത്തറിൽനിന്ന് അടുത്തിടെ തിരിച്ചുവന്ന ഇസ്മായിൽ തെൻറ കൈവശമുണ്ടായിരുന്ന ചോക്ലേറ്റുകൾ സ്കൂൾ കുട്ടികൾക്ക് നൽകി. ഇതുകണ്ടതോടെയാണ് ഇവർ കുട്ടികളെ തട്ടിെക്കാണ്ടുപോകാൻ വന്നവരാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ തടഞ്ഞുവെച്ചത്. നാട്ടുകാരനായ ബഷീർ കാര്യം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ ഇവരെ മർദിക്കുകയായിരുന്നു. ഇതോടെ ബഷീറും സംഘവും കാറിൽ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
എന്നാൽ ഫോണിലൂടെ മറ്റുള്ളവരെ വിളിച്ച് വാഹനം തടയാൻ നാട്ടുകാർ നിർദേശം നൽകി. മുർകിയിൽവെച്ച് റോഡിൽ മരത്തടികളിട്ട് കാർ തടഞ്ഞു. വേഗത്തിൽവന്ന കാർ മരത്തടിയിലിടിച്ച് മറിയുകയായിരുന്നു. തുടർന്ന് കാറിൽനിന്ന് യുവാക്കളെ വലിച്ച് പുറത്തിറക്കിയശേഷം നാട്ടുകാർ ആയുധങ്ങളുപയോഗിച്ച് കാറിലുള്ളവരെ ക്രൂരമായി മർദിച്ചു. സംഭവമറിഞ്ഞ് മൂന്നു െപാലീസുകാർ സ്ഥലത്തെത്തുമ്പോഴേക്കും മുഹമ്മദ് അസം മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.