ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നാടകീയമായ രാഷ്ട്രീയ മാറ്റങ്ങളെത്തുടർന്ന് കോൺഗ്രസുമായുള്ള അകലം വർധിക്കുന്നതിനിടെ, ജൂൺ 8-ന് ന്യൂഡൽഹിയിൽ ചേരുന്ന ഇൻഡ്യ മുന്നണി യോഗത്തിൽ നിന്ന് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ വിട്ടുനിൽക്കാൻ തീരുമാനിച്ചു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പാർട്ടി ഡി.എം.കെയോട് കാണിച്ച വഞ്ചനയിൽ ഡി.എം.കെ അണികൾക്ക് ഇപ്പോഴും കടുത്ത അതൃപ്തിയുണ്ടെന്നും ഈ വികാരം മാനിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടി പങ്കെടുക്കുന്ന ജൂൺ 8-ലെ ഇൻഡ്യ മുന്നണി യോഗത്തിൽ നിന്ന് ഡി.എം.കെ വിട്ടുനിൽക്കുമെന്നുമാണ് ഡി.എം.കെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും, രാജ്യത്തിന്റെ ക്ഷേമത്തെ ബാധിക്കുന്ന വിഷയങ്ങളിൽ മറ്റ് കക്ഷികൾ ഉന്നയിക്കുന്ന കാര്യങ്ങളിൽ മുമ്പത്തെ പോലെ തന്നെ തന്നെ ഡി.എം.കെയും ശബ്ദമുയർത്തുമെന്നും വ്യക്തമാക്കി.
ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ സംയുക്ത തന്ത്രങ്ങൾ മെനയുന്നതിനും സഖ്യകക്ഷികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനുമായാണ് ഇൻഡ്യ മുന്നണിയുടെ മുതിർന്ന നേതാക്കൾ ജൂൺ 8-ന് ന്യൂഡൽഹിയിൽ ഒത്തുചേരുന്നത്. ഏകദേശം 15 പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടി.എം.സി അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി, ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.ആം ആദ്മി പാർട്ടി നേരത്തെ തന്നെ ഇൻഡ്യ മുന്നണിയിൽ നിന്ന് അകലം പാലിച്ചിരുന്നു. അതിനാൽ, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ വെച്ച് നടക്കുന്ന ഈ യോഗത്തിൽ അവർ പങ്കെടുക്കാൻ സാധ്യതയില്ല.
വിവിധ സംസ്ഥാനങ്ങളിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളും യോഗത്തിൽ ചർച്ചയാകും. ബംഗാളിൽ ടി.എം.സി നേതാക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ മമത ബാനർജി യോഗത്തിൽ ഉന്നയിക്കുകയും ഇൻഡ്യ മുന്നണിയിലെ കക്ഷികളുടെ പിന്തുണ തേടുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.