സ്വവർഗരതിക്കാർ അടക്കമുള്ളവർക്ക് സർക്കാർ താമസസൗകര്യം ഒരുക്കുന്നതിനെതിരെ മിസോറാമിൽ പ്രതിഷേധം

ഐസ്വാൾ: സ്വവർഗരതിക്കാർ അടക്കമുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് സർക്കാർ താമസ, പുനരധിവാസകേന്ദ്രം നിർമിക്കുന്നതിനെതിരെ മിസോറാമിൽ പ്രതിഷേധം. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വിയർ, ഇന്റർസെക്‌സ് (എൽ.ജി.ബി.ടി.ക്യൂ.ഐ) വിഭാഗത്തിൽപെടുന്നവർക്കായി ഷെൽട്ടർ ഹോം നിർമ്മിക്കാനുള്ള പദ്ധതിക്കെതിരെയണ് യങ് മിസോ അസോസിയേഷൻ (വൈ.എം.എ) രംഗത്തുവന്നത്.

തലസ്ഥാനമായ ഐസ്വാളിലെ സകാർതിചുനിൽ എൽ.ജി.ബി.ടി.ക്യൂ.ഐ വിഭാഗത്തിന് ഷെൽട്ടർ ഹോം നിർമിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ഡിസംബർ 6ന് സംസ്ഥാന നഗരവികസന, ദാരിദ്ര്യ ലഘൂകരണ വകുപ്പ് (യു.ഡി.പി.എ) ടെൻഡർ ക്ഷണിച്ചിരുന്നു. 

എന്നാൽ, തീരുമാനം പിൻവലിക്കണ​മെന്നാവശ്യപ്പെട്ട് യങ് മിസോ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി നേതാക്കൾ തിങ്കളാഴ്ച മുഖ്യമന്ത്രി സോറംതംഗയെ കണ്ടു. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രസിഡന്റ് ആർ. ലാലൻഗെത പറഞ്ഞു. 'എൽ.ജി.ബി.ടി.ക്യൂ.ഐ കമ്മ്യൂണിറ്റിക്കായി ഷെൽട്ടർ ഹോം സ്ഥാപിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലും മിസോ സമൂഹത്തിന് സ്വീകാര്യമല്ലാത്തതിനാലും പദ്ധതി റദ്ദാക്കാൻ ഞങ്ങൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു' -ലാലൻഗെത പറഞ്ഞു.

പദ്ധതി റദ്ദാക്കുമെന്ന് മുഖ്യമന്ത്രി സോറംതംഗ ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. വിഷയം നഗരവികസന, ദാരിദ്ര്യ ലഘൂകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി തവൻലൂയയുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ (എൻ.എച്ച്.ആർ.സി) നിർദേശപ്രകാരമാണ് പദ്ധതി ആരംഭിക്കുന്നതെന്നും സംസ്ഥാന സർക്കാരിന്റെ തീരുമാനമല്ലെന്നും യു.ഡി.പി.എ ഡയറക്ടർ എച്ച്. ലിയാസെല പറഞ്ഞു. എൽ.ജി.ബി.ടി.ക്യു.ഐ വിഭാഗത്തിന് ഷെൽട്ടർ ഹോമുകൾ നിർമ്മിക്കണമെന്ന കേന്ദ്ര വിദഗ്ധ സമിതി ഉത്തരവ് പാലിക്കാൻ 2021 ജൂലൈയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ എല്ലാ സംസ്ഥാനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇത് സംസ്ഥാന സർക്കാരിന്റെ മാത്രം പദ്ധതിയല്ല. പകരം വിദഗ്ധ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ, മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്' -അദ്ദേഹം പറഞ്ഞു.

ഡി-അഡിക്ഷൻ സെന്റർ മാനേജ്‌മെന്റിന് കീഴിൽ ദേശീയ നഗര ഉപജീവന പദ്ധതിയിൽ ഉൾപ്പെടുത്തി ഷെൽട്ടർ ഹോം നിർമ്മിക്കാൻ ഈ വർഷം മേയിലാണ് അനുമതി നൽകിയത്. 40 ലക്ഷം രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും ലിയാസെല പറഞ്ഞു.

Tags:    
News Summary - Mizoram: Mizo Association opposes construction of LGBTQI shelter home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.