ന്യൂഡൽഹി: പാകിസ്താനിൽ സന്ദർശനം നടത്തുന്നതിനിടെ കാണാതായ ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ ദർഗ ഭാരവാഹികൾ ഇന്ന് നാട്ടിലേക്ക് തിരിക്കും.സയിദ് ആസിഫ് നിസാമി (82), മരുമകൻ വാസിം അലി നിസാമി (66) എന്നിവരാണ് കറാച്ചിയിൽ നിന്ന് തിരിച്ചെത്തുന്നത്. മാർച്ച് 14ന് കറാച്ചിയിൽനിന്ന് ഷഹീൻ എയർലൈൻസിൽ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരെ പാക് ഇൻറലിജൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അൽത്താഫ് ഹുസൈൻ നേതൃത്വം നൽകുന്ന മുത്തഹിദ ഖൗമി മൂവ്മെൻറുമായി (എം.ക്യു.എം) ഇവർക്ക് ബന്ധമുണ്ടെന്നാണ് പാക് ഇൻറലിജൻസ് ആരോപിച്ചത്. 1980ൽ കറാച്ചിയിലെ സിന്ധ് പ്രവിശ്യ ആസ്ഥാനമായി അൽത്താഫ് ഹുസൈൻ രൂപവത്കരിച്ച വർഗ ബഹുജന സംഘടനയാണ് മുത്തഹിദ ഖൗമി മൂവ്മെൻറ്. പാർട്ടി അധ്യക്ഷനായ അൽത്താഫ് ഹുസൈൻ അടുത്തിടെ നടത്തിയ രാജ്യവിരുദ്ധ പ്രസ്താവനയുടെ പേരിൽ സംഘടനയെ പാക് സർക്കാർ നിരോധിച്ചിരുന്നു. ഇൗ സംഘടയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവർ ഇപ്പോൾ കറാച്ചിയിലാണുള്ളത്.
ഇൗ മാസം ആറിനാണ് ഇരുവരും പാകിസ്താനിലേക്ക് പോയത്. വ്യാഴാഴ്ചക്കുശേഷം ഇരുവരെയും കുറിച്ച് വിവരമില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഫോണുകൾ സ്വിച്ച് ഒാഫ് ചെയ്ത നിലയിലായിരുന്നു. വിഷയം പാക് സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അന്വേഷിച്ച് വിവരം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകനായ സർതാജ് അസീസുമായി സുഷമ സ്വരാജ് ഫോണിലൂടെ ചർച്ച നടത്തിയതിന് ശേഷമാണ് ദർഗ ഭാരവാഹികളെ വിട്ടയക്കാൻ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.