ന്യൂഡൽഹി: സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമായി ന്യൂഡല്‍ഹി നിര്മാണ് ഭവനില്‍ കൂടിക്കാഴ്ച നടത്തി. 15ാം ധനകാര്യ കമീഷൻ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷം കേരളത്തിനു കിട്ടാനുള്ള 687 കോടി രൂപ അനുവദിക്കുക, നാലുലക്ഷം രൂപ ഗുണഭോക്താക്കൾക്ക് നൽകുന്ന പി.എം.എ.വൈ ഭവനപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഒന്നര ലക്ഷം രൂപക്കു വേണ്ടി ഓരോ വീടിന്റെയും മുകളില്‍ പി.എം.എ.വൈ ബ്രാന്‍ഡിങ് വേണമെന്ന നിബന്ധന ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
പുറമെ ഏപ്രില്‍ ഒന്നുമുതല്‍ 12 വരെ നടക്കുന്ന മാലിന്യമുക്ത നവകേരളത്തിന്റെ കോണ്‍ക്ലേവ്, മേയ് 22, 23 തീയതികളിൽ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അര്‍ബന്‍ കോണ്‍ക്ലേവ് എന്നീ പരിപാടികളിലേക്ക് കേന്ദ്ര മന്ത്രിയെ ക്ഷണിച്ചുവെന്നും രാജേഷ് പറഞ്ഞു.
14ാം ധനകാര്യ കമീഷന്റെ ഫണ്ടിന്റെ ചെലവഴിച്ചതിന്റെ ബാക്കി തുക 10 ശതമാനത്തില്‍ അധികമാകാന്‍ പാടില്ല എന്ന ഉപാധി അവസാന നിമിഷം വെച്ചതുമൂലമാണ് 15ാം ധനകാര്യ കമീഷൻ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷം കേരളത്തിന് 687 കോടി രൂപ കിട്ടാതെപോയതെന്ന് രാജേഷ് പറഞ്ഞു. ധനകാര്യ കമീഷന് റിപ്പോര്‍ട്ടിലും കേന്ദ്ര ധനകാര്യവകുപ്പ് ഓപറേഷന് ഗൈഡ് ലൈന്‍സിലും വെക്കാത്ത ഈ ഉപാധി അവസാനനിമിഷം കൊണ്ടുവരുകയായിരുന്നു.
പി.എം.എ.വൈ ഭവനപദ്ധതിയുടെ ബ്രാന്‍ഡിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിതന്നെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഇത് വ്യക്തിയുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്പിക്കുന്നതാണെന്ന് മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇതില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.