ന്യൂഡൽഹി: ലഖിംപൂർഖേരി സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ക്രിമിനലാണെന്നും സഹമന്ത്രിപദം രാജിവെക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജിവെക്കാൻ തയാറായില്ലെങ്കിൽ അജയ് മിശ്രയെ പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ലഖിംപുർ ഖേരിയിലെ കൊലപാതകത്തെ കുറിച്ച് സംസാരിക്കാൻ ഞങ്ങളെ അനുവദിക്കണം. അതിൽ മന്ത്രിയുടെ പങ്കുണ്ടെന്നാണ് തെളിയുന്നത്. ഇപ്പോൾ കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പല പ്രതിപക്ഷ പാർട്ടി എം.പിമാരും ഇതുസംബന്ധിച്ച് പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
അജയ് മിശ്രയെ പുറത്താക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആവശ്യം. മിശ്രയെ പുറത്താക്കിയില്ലെങ്കിൽ സർക്കാറിന്‍റെ ധാർമികമായ പാപ്പരത്തമാവും പുറത്ത് വരികയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
നരേന്ദ്ര മോദി സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന മതപരമായ വസ്ത്രധാരണവും ഭക്തിയുടെ കണ്ണടകളും നിങ്ങളൊരു ക്രിമിനലിനെ സംരക്ഷിക്കുന്നുവെന്ന വസ്തുത മാറ്റില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ലയും അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ 13 പേർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.