ന്യൂഡൽഹി: കോവിഡ് ലോക്ഡൗണിനെ തുടർന്ന് പലായനം ചെയ്യേണ്ടി വന്ന കുടിയേറ്റ തൊഴിലാളികൾക്ക് കൂലി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ച സാമൂഹിക പ്രവർത്തകർക്കെതിരെ കേന്ദ്ര സർക്കാറിെൻറ രൂക്ഷ വിമർശനം. ശീതീകരിച്ച ഓഫിസ് മുറികളിലിരുന്ന് ഹരജി തയാറാക്കുന്ന ഇത്തരക്കാർക്ക് താഴെ തട്ടിൽ നടക്കുന്നത് എന്താണെന്ന് അറിയില്ല. പൊതു സേവനമല്ല അവർ ചെയ്യുന്നത്. ഇത്തരം പൊതുതാൽപര്യക്കാരുടെ കട പൂട്ടണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
ഹരജിക്കാരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, സ്വാമി അഗ്നിവേശ് എന്നിവർക്കെതിരെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കടുത്ത രോഷം പ്രകടിപ്പിച്ചത്. ജസ്റ്റിസുമാരായ എൽ. നാഗേശ്വരറാവു, ദീപക് ഗുപ്ത എന്നിവർ വിഡിയോ കോൺഫറൻസ് വഴി ഹരജി പരിഗണിക്കുമ്പോഴായിരുന്നു മേത്തയുടെ രോഷപ്രകടനം.
ഹരജികളിൽ കോടതി കേന്ദ്രത്തിെൻറ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ, കോവിഡിനെ തടയാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്തു വരികയാണെന്ന് മേത്ത പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനം രാപകലില്ലാതെ പ്രവർത്തിക്കുന്നു. ഈ ഹരജി നൽകിയവരൊന്നും പാവങ്ങളെ സഹായിക്കാനോ കോവിഡ് രോഗികളെ പരിചരിക്കാനോ തയാറുള്ളവരല്ല. അതുകൊണ്ട്, ലോകവും രാജ്യവും ഇപ്പോഴത്തെ അപ്രതീക്ഷിത ദുരന്തത്തിൽ നിന്ന് കരകയറുന്നത് വരെ പ്രഫഷനൽ പൊതുതാൽപര്യ ഹരജിക്കാരുടെ കട പൂട്ടുകയാണ് വേണ്ടതെന്ന് മേത്ത ആവശ്യപ്പെട്ടു.
യഥാർഥ സന്നദ്ധ സേവകരും സംഘടനകളും താഴെ തട്ടിൽ ആത്മാർഥമായി സേവനം ചെയ്യുന്നുണ്ട്. രാജ്യം വലിയൊരു ശത്രുവിനെതിരെ സർവ സന്നാഹവുമായി പൊരുതുമ്പോൾ ഇത്തരം ഹരജികൾ അതിന് തുരങ്കം വെക്കുന്ന നടപടിയാണെന്നും മേത്ത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.