കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ വസതിയിൽ അർധരാത്രി പൊലീസ് റെയ്ഡ്. വെള്ളിയാഴ്ച അർധരാത്രി കഴിഞ്ഞ് ശനിയാഴ്ച പുലർച്ചെ 2.30ഓടെയാണ് വെസ്റ്റ് മിഡ്‌നാപൂർ പൊലീസ് അഭിഷേക് ബാനർജിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. അഭിഷേക് ബാനർജിയുടെ പേഴ്സണൽ സെക്രട്ടറി സുമിത് റോയിയെ പിടികൂടാനാണ് റെയ്ഡ് നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇയാൾക്കെതിരെ പിടിച്ചുപറി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അർധരാത്രി വീട്ടിലെത്തിയ പൊലീസ് സംഘം പരിശോധനക്ക് അനുമതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. ഇതേത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പൊലീസ് സംഘം ബലമായി വീട്ടിനുള്ളിൽ കടന്ന് പരിശോധന നടത്തി.
വിവരം അറിഞ്ഞ ഉടൻ തന്നെ തൃണമൂൽ അധ്യക്ഷ മമത ബാനർജി സംഭവസ്ഥലത്തെത്തി പൊലീസ് സംഘത്തെ ചോദ്യം ചെയ്തു. ഏറെനേരം നീണ്ടുനിന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് സംഘം മടങ്ങി. പിന്നാലെ മമത ബാനർജിയും വസതിയിൽനിന്ന് മടങ്ങി. ശനിയാഴ്ച രാവിലെയും അഭിഷേക് ബാനർജിയുടെ വസതിയിൽ വൻ പൊലീസ് സന്നാഹത്തെയും കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു.
റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ അഭിഷേക് ബാനർജി തയ്യാറായില്ല. ‘അന്വേഷണ ഏജൻസികളോട് ചോദിക്കൂ’ എന്നായിരുന്നു മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്. ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ ആരോപിച്ചു.
അതിനിടെ, പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ജൂൺ 16ന് സി.ഐ.ഡിക്ക് മുന്നിൽ ഹാജരാകാൻ അഭിഷേക് ബാനർജിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ രണ്ട് കേസുകളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അഭിഷേക് ബാനർജിക്ക് നേരെ പ്രതിസന്ധികൾ വർധിക്കുകയാണ്.
നിയമസഭയിലെ പ്രതിപക്ഷ പദവികളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട പ്രമേയത്തിലെ ഒപ്പുകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് സി.ഐ.ഡി നേരത്തെ അദ്ദേഹത്തെ ആറ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
മൂന്ന് നോട്ടീസുകൾക്ക് ശേഷം വ്യാഴാഴ്ചയാണ് അദ്ദേഹം ഹാജരായത്. കൽക്കട്ട ഹൈകോടതിയുടെ സിംഗിൾ ജഡ്ജി വെക്കേഷൻ ബെഞ്ച് വ്യാഴാഴ്ച വൈകിട്ട് ആറിനുള്ളിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. 21 ദിവസത്തേക്ക് അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിൽനിന്ന് കോടതി സംരക്ഷണം നൽകിയെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, മറ്റൊരു തൃണമൂൽ നേതാവും അഴിമതി ആരോപണത്തിൽ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. മുനിസിപ്പാലിറ്റി റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് എം.എൽ.എയും മുൻ മന്ത്രിയുമായ മദൻ മിത്രയുടെ ദക്ഷിണേശ്വറിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശനിയാഴ്ച റെയ്ഡ് നടത്തി.
കാമർഹട്ടി ഉൾപ്പെടെയുള്ള വിവിധ മുനിസിപ്പാലിറ്റികളിലെ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഇടനിലക്കാർ വഴി മദൻ മിത്ര പണമായും സ്വർണമായും കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ തെളിഞ്ഞതായി ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. 125ലധികം അനധികൃത നിയമനങ്ങളുമായി മദൻ മിത്രക്ക് ബന്ധമുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.