ന്യൂഡൽഹി: ഭയമില്ലാതെ ചുമതലകൾ ഏറ്റെടുക്കാനും സത്യസന്ധമായി എടുക്കുന്ന തീരുമാനങ്ങളുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുമെന്നും സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ജ്ഞാനേന്ദ്ര പ്രതാപ് സിങ്. ‘ഭയമില്ലാതെ നിങ്ങളുടെ ചുമതലകൾ നിർവഹിക്കൂ. ഉത്തരവാദിത്തമോ കണക്കു പറയേണ്ട സാഹചര്യമോ വന്നാൽ അത് ഡയറക്ടർ ജനറൽ എന്ന നിലയിൽ ഞാൻ ഏറ്റെടുക്കും’ എന്നായിരുന്നു സേനാംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെച്ചൊല്ലി ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സി.ആർ.പി.എഫ് മേധാവിയുടെ പ്രതികരണം. സി.ആർ.പി.എഫിന് കീഴിലാണ് ആർ.എ.എഫ്.
സി.ആർ.പി.എഫ് സംഘടിപ്പിച്ച ചടങ്ങിൽ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സേനാംഗങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്നും നിയമപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ യാതൊരു മടിയും കാണിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
വിദ്യാർഥി പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനിടെ സേനാംഗങ്ങൾ നിയമപ്രകാരവും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചുമാണ് പ്രവർത്തിച്ചതെന്നാണ് സി.ആർ.പി.എഫിന്റെ നിലപാട്. പ്രതിഷേധവുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ആഭ്യന്തര വിലയിരുത്തൽ നടത്തുമെന്ന് സി.ആർ.പി.എഫ് നേരത്തെ അറിയിച്ചിരുന്നു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറുകളും കലാപനിയന്ത്രണ മാർഗനിർദേശങ്ങളും പാലിച്ചാണ് നടപടിയെടുത്തതെന്നാണ് സേനയുടെ നിലപാട്.
സേനയുടെ മനോവീര്യം ഉയർത്തുകയാണ് തന്റെ സന്ദേശത്തിന്റെ ലക്ഷ്യമെന്ന് ജ്ഞാനേന്ദ്ര പ്രതാപ് സിങ് വ്യക്തമാക്കി. നിയമപരമായ ചുമതലകൾ ആത്മവിശ്വാസത്തോടെയും സത്യസന്ധതയോടെയും നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്കും ജവാൻമാർക്കും പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.