മഹാരാഷ്​ട്ര സർക്കാർ വീഴുന്നു; നിയമസഭ പിരിച്ചുവിട്ടേക്കും

മുംബൈ: രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ വീഴുന്നു. ഒരു മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം നിയമസഭ പിരിച്ചുവിട്ടുള്ള തീരുമാനം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. സേന വക്താവ് സഞ്ജയ് റാവത്ത് ഇതുസംബന്ധിച്ച സൂചന നൽകി. നിലവിൽ മഹാരാഷ്ട്രയിൽ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി വിധാൻസഭ പിരിച്ചു വിടുന്നതിലേക്ക് നയിക്കുമെന്ന് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വീഴുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. ഉദ്ദവ് താക്കറെയുടെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ ട്വിറ്റർ ബയോയിൽ നിന്നും മന്ത്രിയെന്ന പേര് നീക്കിയതും അഭ്യൂഹങ്ങൾ ആക്കം കൂട്ടി. വിമതരെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളും പാളിയതോടെയാണ് നിയമസഭ പിരിച്ചുവിടുകയെന്ന തീരുമാനത്തിലേക്ക് ശിവസേന എത്തിയതെന്നാണ് സൂചന.

നേരത്തെ ഗുജറാത്തി​ലെ സൂറത്തിൽ നിന്നും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള വിമത എം.എൽ.എമാർ അസമിലെത്തിയിരുന്നു. താൻ ശിവസൈനികനാണെന്നും ബാൽതാക്കറെയുടെ ആശയങ്ങൾ മറക്കില്ലെന്നും ഷിൻഡെ പറഞ്ഞിരുന്നു. 40 എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമാകുമ്പോഴും പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ഇക്കാര്യത്തിൽ വലിയ പ്രതികരണങ്ങൾ മുതിരുന്നില്ല. അതേസമയം, പാർട്ടി നേതൃത്വം എം.എൽ.എമാരോട് മുംബൈയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Mharashtra Political crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.