ആക്രമണം നേരിടാൻ പരിശീലിപ്പിക്കണം, മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കണം; സംസ്ഥാനങ്ങൾ മോക് ഡ്രിൽ നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: പാകിസ്താനുമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ സിവിൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളോട് മോക് ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആക്രമണം ഉണ്ടായാൽ നേരിടേണ്ട ഒരുക്കങ്ങളിൽ പരിശീലനം നൽകുന്നതിന്‍റെ ഭാഗമായാണ് മോക് ഡ്രിൽ നടത്താൻ നിർദേശം നൽകിയത്.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നൽകണം. അടിയന്തര സാഹചര്യങ്ങളിൽ ബ്ലാക്ക് ഔട്ട് സംവിധാനങ്ങള്‍ ഒരുക്കുന്നതും സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതും പരിശീലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഒഴിപ്പിക്കല്‍ പദ്ധതി പരിഷ്കരിക്കുകയും പരിശീലിപ്പിക്കുകയും വേണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും പൊതുജനത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മോക് ഡ്രിൽ നടത്തുന്നത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുമായി നിർണായക ചർച്ച നടത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് സായുധസേനയുമായി ചേർന്ന് ശത്രുവിന് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

നാവികസേനാ മേധാവിയും വ്യോമസേനാ മേധാവിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെച്ചേറെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രതികാരം ചെയ്യുമെന്ന് രാജ്നാഥ് സിങ് ആണയിട്ടത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ശനിയാഴ്ച രാത്രിയും വ്യോമസേനാ മേധാവി എ.പി. സിങ് ഞായറാഴ്ച പകലുമാണ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തേ മോദി കരസേനാ മേധാവിയെ കണ്ടതിന്റെ തുടർച്ചയാണിതും.

Tags:    
News Summary - MHA Orders Multiple States To Hold Civil Defence Mock Drills On May 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.