ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പുകേസിലെ പ്രതികളിലൊരാളായ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ വിവരങ്ങൾ നൽകാനാവശ്യപ്പെട്ട് കരീബിയൻ രാജ്യമായ ആൻറിഗ്വക്ക് സി.ബി.െഎ കത്തെഴുതി.
അമേരിക്കയിൽ ഒളിവിലായിരുന്ന ചോക്സി ആൻറിഗ്വയിലേക്ക് മുങ്ങിയതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ആൻറിഗ്വയിൽ ചോക്സിയുടെ നീക്കങ്ങളും നിലവിലെ താമസസ്ഥലവും അറിയിക്കണമെന്നാണ് ആവശ്യം. അതേസമയം, വൻതട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് 2017 ആഗസ്റ്റിൽ ചോക്സി ആൻറിഗ്വ പൗരത്വമെടുത്തതായാണ് സൂചന. ജനുവരി ആദ്യത്തിൽ രാജ്യത്തെത്തിയ ചോക്സി 15ന് പൗരത്വ പ്രതിജ്ഞയുെമടുത്തെന്ന് പ്രാദേശിക പത്രമായ ആൻറിഗ്വ ഒബ്സർവർ റിപ്പോർട്ട് പറയുന്നു.
ദിവസങ്ങൾ കഴിഞ്ഞാണ് രാജ്യത്തെ നടുക്കിയ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നത്. അടുത്ത ബന്ധുവായ നീരവ് മോദിയുമൊത്ത് മുംബൈയിലെ ബ്രാഡി ഹൗസിലുള്ള പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിൽനിന്ന് വ്യാജ ഇൗടുപത്രങ്ങൾ സംഘടിപ്പിച്ച് ഇന്ത്യൻ ബാങ്കുകളുടെ വിദേശശാഖകൾ വഴി വൻതുക വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുകയാണെങ്കിലും ഇരുവരും അന്വേഷണത്തോട് സഹകരിക്കാൻ തയാറായിട്ടില്ല. പ്രതികളുടെ കൈമാറ്റത്തിന് ആൻറിഗ്വയുമായി കരാറില്ലാത്തതിനാൽ ചോക്സിയെ ഇന്ത്യയിലെത്തിക്കലും എളുപ്പമാകില്ല. ബ്രാഡിഹൗസ് ശാഖയിൽ ചോക്സിക്ക് നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഇൗടുപത്രങ്ങൾ സംഘടിപ്പിച്ചുനൽകിയ ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി വിരമിക്കുന്നതോടെ വൻതട്ടിപ്പ് പുറത്തുവരുമെന്ന് കണ്ടാണ് ചോക്സി നേരത്തേ ആൻറിഗ്വ പൗരത്വം സംഘടിപ്പിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.