അമിത്ഷായുടെ കശ്മീർ സന്ദർശനം; താൻ വീട്ടുതടങ്കലിലാണെന്ന് മെഹ്ബൂബ മുഫ്തി

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരിലെത്തിയതോടെ പൊലീസ് തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. വീടിന്‍റെ ഗേറ്റ് പൊലീസ് പൂട്ടിയെന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് അവർ ട്വീറ്റ് ചെയ്തു.

ഒരു കല്ല്യാണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പത്താനിലേക്ക് പുറപ്പെട്ട തന്നെ വീട്ടിൽ നിന്ന് ഇറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മെഹ്ബൂബ ആരോപിച്ചു. "മുൻ മുഖ്യമന്ത്രി കൂടിയായ എന്‍റെ മൗലികാവകാശങ്ങൾ ഇത്തരത്തിൽ ലംഘിക്കപ്പെടുമ്പോൾ ഒരു സാധാരണക്കാരന്‍റെ അവസ്ഥ എന്താണെന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല"- മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

എന്നാൽ വാർത്തകൾ നിഷേധിച്ച് ശ്രീനഗർ പൊലീസ് രംഗത്തെത്തി. യാത്ര നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും വീടിന്‍റെ ഗേറ്റ് അവർ അകത്ത് നിന്ന് പൂട്ടിയതാണെന്നും പൊലീസ് ട്വീറ്റ് ചെയ്തു.

പിന്നീട് ട്വീറ്റിന് മറുപടിയായി മെഹ്ബൂബ മുഫ്തി വീണ്ടും രംഗത്തെത്തി. പത്താനിലേക്ക് പോകാനാകില്ലെന്ന് ബാരാമുള്ള എസ്.പി ഭത്ത്രേയ ഇന്നലെ രാത്രി അറിയിച്ചതിന് പിന്നാലെ ഇന്ന് പൊലീസെത്തി വീട് അകത്ത് നിന്ന് പൂട്ടിയെന്നും ഇപ്പോൾ അവർ പച്ചക്കള്ളം പറയുകയാണെന്നും മെഹ്ബൂബ ആരോപിച്ചു. നിയമപാലകർ അവരുടെ തെറ്റ് മറക്കാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു. അമിത് ഷാ ഇന്ന് ബാരാമുള്ള ടൗണിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യും.

Tags:    
News Summary - Mehbooba Mufti says she is under house arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.