മെഹബൂബ മുഫ്തി, ഉമർ അബ്ദുല്ല
ശ്രീനഗർ: വടക്കൻ കശ്മീരിലെ തുൽബുൽ തടയണ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനെ ചൊല്ലി മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും തമ്മിൽ വാക്പോര്. സിന്ധു നദീജല കരാർ നിർത്തിവെച്ച സാഹചര്യത്തിൽ 1980ൽ പാകിസ്താന്റെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ച വുല്ലാർ തടാകത്തിലെ തുൽബുൽ തടയണ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഡിയോ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പോസ്റ്റ് ചെയ്തതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഝലം നദിയിലെ ജലഗതാഗതത്തിനും ശൈത്യകാലത്ത് വൈദ്യുതി ഉൽപാദനത്തിനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനെതിരെയാണ് മെഹബൂബ രംഗത്തെത്തിയത്. ഉമർ അബ്ദുല്ലയുടേത് നിരുത്തരവാദപരവും പ്രകോപനപരവുമായ നിലപാടാണെന്ന് മെഹബൂബ പറഞ്ഞു. ഇന്ത്യ - പാക് സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കേണ്ടിവന്നത് കശ്മീരികളാണ്. ധാരാളം നിരപരാധികൾ സംഘർഷത്തിൽ കൊല്ലപ്പെട്ടു. സ്വത്തുവകകൾക്കും കനത്ത നാശം സംഭവിച്ചു.
ഇതിനിടെ ഇത്തരം പ്രസ്താവനകൾ നിരുത്തരവാദപരവും പ്രകോപനപരവുമാണ്. രാജ്യത്തെ മറ്റാരെയും പോലെ നമ്മുടെ ജനങ്ങളും സമാധാനം അർഹിക്കുന്നു. ജലം പോലെ അത്യന്താപേക്ഷിതമായ വസ്തുവിനെ ആയുധമാക്കുന്നത് മനുഷ്യത്വരഹിതം മാത്രമല്ല ഉഭയകക്ഷി വിഷയമായ ഒന്നിനെ അന്താരാഷ്ട്രവത്കരിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. അതേസമയം, രാഷ്ട്രീയ നേട്ടത്തിനായി അതിർത്തിക്കപ്പുറത്തുള്ളവരെ പ്രീണിപ്പിക്കാനാണ് മെഹബൂബ ശ്രമിക്കുന്നതെന്ന് ഉമർ തിരിച്ചടിച്ചു.
ജമ്മു-കശ്മീർ ജനതയുടെ താൽപര്യങ്ങൾക്കെതിരായ ഏറ്റവും വലിയ വഞ്ചനയാണ് സിന്ധു നദീജല കരാറെന്ന് അംഗീകരിക്കാൻ മെഹബൂബ വിസമ്മതിക്കുകയാണ്. കരാറിനെ എന്നും എതിർത്തിരുന്നുവെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആര് ആരെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് കാലം തെളിയിക്കുമെന്ന് മെഹബൂബ പറഞ്ഞു. അധികാരം നഷ്ടപ്പെട്ടപ്പോൾ താങ്കളുടെ മുത്തച്ഛൻ പാകിസ്താനിൽ ചേരണമെന്ന് വാദിച്ചിരുന്നുവെന്നത് മറന്നുപോകരുതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.