ഷില്ലോങ്: ഹണിമൂൺ യാത്രക്കിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ സോനം രഘുവംശിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മേഘാലയ പൊലീസ്. ഭർത്താവ് രാജ രഘുവംശിയെ കൊന്നവർക്ക് സോനം 20 ലക്ഷം രൂപ നല്‍കിയതായി പൊലീസ് പറഞ്ഞു.
ആദ്യ ഗഡുവായി 15,000 രൂപയാണ് സോനം കൊലയാളികള്‍ക്ക് കൈമാറിയത്. കൊല നടക്കുമ്പോൾ ഈ പണം ഭർത്താവിന്‍റെ പഴ്സിൽനിന്നാണ് യുവതി എടുത്തതെന്നും പൊലീസ് വെളിപ്പെടുത്തി. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍നിന്നാണ് മേഘാലയ പൊലീസ് സോനത്തെ പിടികൂടിയത്. കാമുകനെന്ന് പറയപ്പെടുന്ന രാജ് കുശ്‌വാഹയേയും മൂന്ന് വാടക കൊലയാളികളെയും മധ്യപ്രദേശിൽനിന്നും ഉത്തർപ്രദേശിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ സോനം കീഴടങ്ങിയെന്നാണ് വിവരം.
കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് രാജ് കുശ്‌വാഹ പൊലീസിന് മൊഴി നൽകിയത്. ഭർത്താവിനെ കൊലപ്പെടുത്താനുള്ള സോനത്തിന്‍റെ പദ്ധതിയെ താൻ പിന്തുണച്ചിരുന്നില്ല. മേഘാലയിലേക്കുള്ള യാത്ര അവസാന നിമിഷം വേണ്ടെന്നു വെച്ചിരുന്നു. മറ്റു മൂന്ന് പേരോടും പോകരുതെന്ന് ആവശ്യപ്പെട്ടു. സോനം മൂവർക്കും ടിക്കറ്റ് എടുത്ത് നൽകിയിരുന്നു. മേഘാലയ കാണാനുള്ള ആഗ്രഹത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് അവര്‍ പോയത്. എന്നാൽ, കൊലപാതകത്തിന് അവസാന നിമിഷംവരെ അവർ തയാറായിരുന്നില്ല. കൂടുതൽ പണവും മറ്റും വാഗ്ദാനം ചെയ്താണ് സോനം അവരെ കൊലക്ക് നിര്‍ബന്ധിച്ചതെന്നും രാജ് കുശ്‌വാഹ പൊലീസിനോട് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാല്‍, രാജ് കുശ്‌വാഹയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സോനത്തിന്റെ പിതാവിന്റെ ഫാക്ടറിയിലെ ജീവനക്കാരനാണ് കാമുകനായ രാജ കുശ്‍വാഹ. ഫാക്ടറിയിൽ സന്ദർശനത്തിനെത്തുന്ന വേളയിലാണ് തന്നേക്കാൾ അഞ്ചു വയസ്സിന് ഇളയവനായ കുശ്‍വാഹയുമായി സോനം പ്രണയത്തിലായതെന്ന് പൊലീസ് പറയുന്നു.
കുശ്‍വാഹയെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തതോടെയാണ് സോനത്തിന്റെ പങ്കിനെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചത്. ഭർത്താവിന്റെ കൊലക്കു ശേഷം യു.പിയിലെ ഗാസിപൂരിൽ ഒളിവിൽ കഴിയുകയായിരുന്നു സോനം. വാരണാസി-നാന്ദ്ഗഞ്ച് ഹൈവേയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം സോനം ഹോട്ടൽ ഉടമ സാഹിൽ യാദവിന്റെ ഫോൺ വാങ്ങി സ്വന്തം സഹോദരനെ വിളിക്കുകയായിരുന്നു. സഹോദരൻ ഗോവിന്ദ് ഈ വിവരം ഉടൻ പൊലീസിന് കൈമാറി. തുടർന്നാണ് യു.പി പൊലീസുമായി ബന്ധപ്പെട്ട് പുലർച്ചെ മൂന്നുമണിയോടെ സോനത്തെ അറസ്റ്റ് ചെയ്തത്.
മേയ് 11നായിരുന്നു രാജയുടെയും സോനത്തിന്റെയും വിവാഹം. ഹണിമൂൺ യാത്രയുടെ ഭാഗമായി മേഘാലയയിൽ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്പതികളെ കാണാതായി 11 ദിവസങ്ങൾക്ക് ശേഷം ജൂൺ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കിൽ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. മേഘാലയ പൊലീസ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.