ന്യൂഡൽഹി: മെഡിക്കൽ കോളജുകളിലെ അധ്യാപക നിയമനങ്ങളിൽ വൈദ്യശാസ്ത്ര യോഗ്യതയില്ലാത്തവർക്ക് തുടർന്നും പരിഗണന നൽകാൻ വ്യവസ്ഥയുമായി ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി). വൈദ്യശാസ്ത്ര പഠന കേന്ദ്രങ്ങളിലെ അധ്യാപക നിയമന മാർഗനിർദേശങ്ങൾക്കുള്ള കരടിലാണ് നിശ്ചിത കാലയളവിലേക്ക് കൂടി ഇത്തരം നിയമനങ്ങൾ തുടരാൻ വ്യവസ്ഥയുള്ളത്. 2022ൽ ആണ് മെഡിക്കൽ കോളജുകളിലെ അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി വിഭാഗങ്ങളിൽ അസി. പ്രഫസർ തസ്തികകളിൽ എം.ഡി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷങ്ങളിൽ എം.എസ്.സി, പിഎച്ച്.ഡിയുള്ളവരെ നിയമിക്കാമെന്ന നിർദേശം കൊണ്ടുവന്നത്. മെഡിക്കൽ കോളജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാനുദ്ദേശിച്ചാണ് നടപടിയെന്നായിരുന്നു വിശദീകരണം.
ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് പ്രമോഷനും സീനിയർ തസ്തികകൾക്കും വൈദ്യശാസ്ത്ര വിഷയങ്ങളിൽ പിഎച്ച്.ഡി നിർബന്ധമാക്കിയിട്ടുണ്ട്. മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ പൂർണമായി നിയമിക്കപ്പെടുന്ന കാലയളവ് വരെ മാത്രമാണ് ഇതു തുടരുകയെന്നും കരടിൽ വ്യക്തമാക്കുന്നു. എം.എസ്സി (മെഡിക്കൽ അനാട്ടമി), പിഎച്ച്.ഡി മെഡിക്കൽ അനാട്ടമി യോഗ്യതയുള്ളവർക്കും അനാട്ടമി വിഭാഗത്തിൽ അധ്യാപകരാവാം. ബയോകെമിസ്ട്രി വിഭാഗത്തിൽ എം.എസ്സി മെഡിക്കൽ ബയോകെമിസ്ട്രിയോ പിഎച്ച്.ഡിയോ ആണ് സമാന്തര യോഗ്യത. ഫിസിയോളജി വിഭാഗത്തിൽ എം.എസ്.സി മെഡിക്കൽ ഫിസിയോളജിയോ പിഎച്ച്.ഡിയോ യോഗ്യതയുള്ളവർക്കും അധ്യാപക തസ്തികളിലേക്ക് അപേക്ഷിക്കാം. യോഗ്യതകൾ എൻ.എം.സി അംഗീകൃത മെഡിക്കൽ കോളജുകളിൽനിന്നോ ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നോ റെഗുലറായി നേടിയതാവണമെന്നും കരട് വ്യവസ്ഥ ചെയ്യുന്നു. ഇത്തരത്തിൽ നിയമനം തുടരേണ്ട കാലയളവ് ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാഭ്യാസ ബോർഡിന്റെ ശിപാർശകൾ കൂടി കണക്കിലെടുത്ത് തീരുമാനിക്കും.
അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി വിഭാഗങ്ങളിൽ മതിയായ യോഗ്യതയുള്ള അധ്യാപകരുണ്ടായിരിക്കെ 15 ശതമാനം നോൺ-മെഡിക്കൽ വിഭാഗങ്ങളിൽനിന്നുള്ള അധ്യാപകരെ ഉൾപ്പെടുത്തുന്നത് ദുരൂഹമാണെന്ന് വിമർശനമുണ്ട്. ഇത് വൈദ്യശാസ്ത്ര പഠനത്തിന്റെ ഗുണനിലവാരം കുറയാൻ കാരണമാകുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കരടിലൂടെ ബന്ധപ്പെട്ടവരിൽനിന്നെല്ലാം അഭിപ്രായം ശേഖരിക്കുക കൂടിയാണ് ലക്ഷ്യമിടുന്നതെന്ന് എൻ.എം.സി വ്യക്തമാക്കുന്നു. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാവും നിർദേശങ്ങൾ പരിഷ്കരിക്കുക. നിലവിൽ മെഡിക്കൽ കോളജുകളിൽ പലയിടത്തുമുള്ള അധ്യാപക ക്ഷാമം പരിഹരിക്കുക മാത്രമാണ് നിർദേശത്തിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.